എഐ കമ്പനികളുടെ വരുമാനത്തിൽ സംശയം; നിക്ഷേപ പ്രവണതയെ ചോദ്യം ചെയ്ത് ശ്രീധർ വെമ്പു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മേഖലയിലെ നിലവിലെ നിക്ഷേപ പ്രവണതയെ ‘കുമിള’യെന്ന് വിശേഷിപ്പിച്ച് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു. വിപണിയിലെ അമിത നിക്ഷേപ പ്രവണതയ്ക്ക് ശമനമുണ്ടാകുന്നതുവരെ ഡാറ്റാ സെന്ററുകൾ, പ്രത്യേക ഹാർഡ്‌വെയർ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ വൻതോതിൽ നിക്ഷേപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എഐ മേഖലയിലെ അടിസ്ഥാന ഗവേഷണത്തിനും വികസനത്തിനും (ആർ ആൻഡ് ഡി) സോഹോ നിക്ഷേപം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് ചമത് പാലിഹാപിതിയ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിന് മറുപടിയായാണ് ശ്രീധർ വെമ്പു നിലപാട് വ്യക്തമാക്കിയത്. എഐ കമ്പനികളുടെ വരുമാനത്തിന്റെ ഗുണനിലവാരത്തെ ചമത് ചോദ്യം ചെയ്തിരുന്നു. എഐ മേഖലയിലെ ചെലവിന്റെ വലിയൊരു ഭാഗം നഷ്ടം നേരിടുന്ന, വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കമ്പനികളിലൂടെയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം.

മറ്റുള്ളവരുടെ പണം ഉപയോഗിച്ച് വലിയ ബിസിനസ് വളർത്തുന്ന രീതി സോഹോ പൊതുവെ ഒഴിവാക്കുകയാണെന്ന് ശ്രീധർ വെമ്പു പറഞ്ഞു. എഐ ഗവേഷണത്തിലും വികസനത്തിലും കമ്പനി നിക്ഷേപം നടത്തുന്നുണ്ട്. എന്നാൽ നിലവിലെ കുമിളസമാനമായ വിപണി സാഹചര്യം മാറിയശേഷം മാത്രമേ ഡാറ്റാ സെന്ററുകൾ, പ്രത്യേക ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിൽ വലിയ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വിപണി സാഹചര്യങ്ങൾ കൂടുതൽ സ്ഥിരത കൈവരിക്കുന്നതുവരെ വലിയ മൂലധനച്ചെലവുകൾ ഒഴിവാക്കി എഐ ഗവേഷണ ശേഷി ശക്തിപ്പെടുത്തുന്നതിനാണ് സോഹോ മുൻഗണന നൽകുന്നതെന്ന സൂചനയാണ് വെമ്പുവിന്റെ പ്രതികരണം നൽകുന്നത്. എഐ മേഖലയിലേക്ക് ഒഴുകുന്ന വൻ നിക്ഷേപങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ സുസ്ഥിരമായ വരുമാനം സൃഷ്ടിക്കുമോ എന്ന ചർച്ചയ്ക്കും അദ്ദേഹത്തിന്റെ നിലപാട് വീണ്ടും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക