സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നൽകിയിരിക്കുന്നത്.
കണ്ണൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിലും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ചാലിയാർ പുഴയിൽ കാണാതായ യുവാവിനായുള്ള തെരച്ചിൽ ഇന്നും തുടരും.
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും സമീപത്തെ ലക്ഷദ്വീപ് പ്രദേശങ്ങൾക്കും മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദത്തിന്റെ സ്വാധീനമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണമാകുന്നത്.
ഈ മാസം 27 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നാളെയും സംസ്ഥാനത്തെ 12 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. പാലക്കാട്, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
