എസ്ഐആറിനെ (വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം) എതിർക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും പ്രതിഷേധങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) നിലപാടിനെതിരെ വിമർശനം ശക്തമാകുന്നു. വിഷയത്തിൽ ഇരട്ടത്താപ്പാണ് ടിവികെ സ്വീകരിക്കുന്നതെന്നാണ് ഇൻഡ്യാ സഖ്യത്തിലെ പാർട്ടികളുടെ ആരോപണം. പാർട്ടി അധ്യക്ഷൻ സി. ജോസഫ് വിജയ് പരസ്യമായി നിലപാട് വ്യക്തമാക്കാൻ മടിക്കുന്നതും ആശയക്കുഴപ്പം വർധിപ്പിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുമായി അടുപ്പം പ്രകടിപ്പിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിണക്കാതെ മുന്നോട്ടുപോകാനാണ് വിജയ് ശ്രമിക്കുന്നതെന്ന വിമർശനവും ഉയരുന്നു.
തമിഴ്നാട്ടിൽ ചേർന്ന ഇൻഡ്യാ സഖ്യ യോഗത്തിൽ പങ്കെടുത്ത ടിവികെ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഈ മാസം 15ന് നടന്ന പ്രതിഷേധത്തിലേക്ക് വിദ്യാഭ്യാസ മന്ത്രി രാജ്മോഹനെ അയച്ചിരുന്നു. എന്നാൽ പ്രതിഷേധത്തിൽ ടിവികെ പ്രവർത്തകരുടെ പങ്കാളിത്തം കുറവായിരുന്നു. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ചെന്നൈയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച യോഗവും ഇൻഡ്യാ സഖ്യ കക്ഷികൾക്കൊപ്പം ടിവികെ ബഹിഷ്കരിച്ചു.
എന്നാൽ രാഹുൽ ഗാന്ധിയും വിജയ്യും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളിൽനിന്ന് ടിവികെ വിട്ടുനിൽക്കുകയാണെന്നാണ് വിമർശനം. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകൾ തെരുവിലിറങ്ങിയപ്പോഴെല്ലാം തമിഴ്നാട് പൊലീസ് ഡൽഹി പൊലീസിന്റെ മാതൃകയിൽ പ്രതിഷേധങ്ങളെ അടിച്ചമർത്തിയെന്നും ഇൻഡ്യാ സഖ്യത്തിലെ പാർട്ടികൾ ആരോപിക്കുന്നു.
എസ്ഐആർ നടപടികൾ ആരംഭിച്ചതിനുശേഷം വോട്ടുകൊള്ള ആരോപണം ഉയർന്ന സംസ്ഥാനങ്ങളിലെ നിയമസഭകൾ പിരിച്ചുവിടണമെന്നാണ് ഇൻഡ്യാ സഖ്യത്തിന്റെ ആവശ്യം. എന്നാൽ തമിഴ്നാടിനെയും ബാധിക്കുന്ന ഈ നിലപാട് കോൺഗ്രസ് കൂടിയാലോചനകളില്ലാതെ പ്രഖ്യാപിച്ചതാണെന്നാണ് ടിവികെ നേതാക്കളുടെ വിമർശനം. അങ്ങനെയെങ്കിൽ വിജയ് നയിക്കുന്ന സർക്കാരിനും അധികാരം ഒഴിയേണ്ടിവരില്ലേയെന്ന ചോദ്യവും ടിവികെ നേതാക്കൾ ഉയർത്തുന്നു.
എസ്ഐആറിനെതിരായ നിലപാടും പ്രതിഷേധങ്ങളിലെ പങ്കാളിത്തവും സംബന്ധിച്ച് ടിവികെ സ്വീകരിക്കുന്ന സമീപനം ഇൻഡ്യാ സഖ്യത്തിനുള്ളിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
