കേന്ദ്രസർക്കാരിന്റെ വികസനനേട്ടങ്ങളും പദ്ധതികളും സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വ്ലോഗർമാരെയും ഇൻഫ്ലുവൻസർമാരെയും രംഗത്തിറക്കാൻ ബിജെപി. ‘ദർശൻ ഇന്ത്യ’ എന്ന പേരിൽ ഇൻഫ്ലുവൻസർമാർക്ക് സൗജന്യമായി വിവിധ സംസ്ഥാനങ്ങൾ സന്ദർശിച്ച് ചെറുവീഡിയോകൾ തയ്യാറാക്കാൻ അവസരമൊരുക്കും. കേരളത്തിൽനിന്ന് അഞ്ഞൂറിലേറെ പേരെ പദ്ധതിയിലേക്ക് പരിഗണിക്കുന്നതിനായി കണ്ടെത്തി കേന്ദ്രനേതൃത്വത്തിന് കൈമാറിയതായാണ് വിവരം.
ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിൽ പ്രാദേശികമായി സ്വാധീനമുള്ളവരെയാണ് പ്രധാനമായും തിരഞ്ഞെടുക്കുന്നത്. യാത്ര, ഭക്ഷണം, സാങ്കേതികവിദ്യ, ഫിറ്റ്നസ് തുടങ്ങിയ മേഖലകളിലെ സൃഷ്ടാക്കളിലൂടെ വികസനനേട്ടങ്ങൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. യാത്രാച്ചെലവുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ പാർട്ടി വഹിക്കുമെന്നാണ് റിപ്പോർട്ട്.
തിരഞ്ഞെടുപ്പ് കമ്മിഷനും വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണമായ എസ്.ഐ.ആറിനുമെതിരായ പ്രതിഷേധങ്ങളെ പ്രതിരോധിക്കാനും ഇൻഫ്ലുവൻസർമാരെ ഉപയോഗിക്കാൻ ബിജെപി പദ്ധതിയിടുന്നുണ്ട്. ഒരു ലോക്സഭാ മണ്ഡലത്തിൽ രണ്ടായിരം ഇൻഫ്ലുവൻസർമാരെ നേരിൽക്കണ്ട് പാർട്ടിയുടെ നിലപാടുകൾ വിശദീകരിക്കുന്ന വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കാനാണ് നിർദേശം. നേരിട്ടുള്ള രാഷ്ട്രീയ പ്രചാരണത്തിനപ്പുറം സാമൂഹിക മാധ്യമങ്ങളിലെ സ്വാധീനം പ്രയോജനപ്പെടുത്തി ജനങ്ങളിലേക്ക് പാർട്ടിയുടെ സന്ദേശങ്ങൾ എത്തിക്കുകയാണ് നീക്കത്തിന്റെ ലക്ഷ്യം.
