ഖാർഗെയുടെ മോദിക്കെതിരായ പരാമർശം; രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ വിവാദ പരാമർശത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി ബിജെപി. “മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും” എന്ന ഖാർഗെയുടെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ പട്‌ന പൊലീസിൽ ഔദ്യോഗിക പരാതി നൽകി. വിഷയം ദേശീയതലത്തിൽ ഉയർത്തിക്കൊണ്ടുവന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരടക്കമുള്ള മുതിർന്ന നേതാക്കൾ ഖാർഗെയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ചു. ഖാർഗെയുടെ പ്രസ്താവനയോട് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും വിയോജിപ്പുണ്ടോയെന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോയെന്നും ബിജെപി ചോദിച്ചു.

ഖാർഗെയുടെ വാക്കുകൾ ഞെട്ടലുണ്ടാക്കുന്നതാണെന്ന് രാജ്‌നാഥ് സിംഗ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ കുടുംബ പശ്ചാത്തലത്തെയും മാതാവിനെയും മുൻപും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയ എതിർപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് വഴിമാറുന്നത് അംഗീകരിക്കാനാവില്ലെന്ന് അമിത് ഷായും പിയൂഷ് ഗോയലും വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും ഇരുവരും പ്രതികരിച്ചു.

അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നതിനിടെ, ഖാർഗെയുടെ പരാമർശം രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രവിഷയമാക്കി മാറ്റാനാണ് ബിജെപി നേതൃത്വത്തിന്റെ നീക്കമെന്നാണ് വിലയിരുത്തൽ. വിവാദം ദേശീയതലത്തിൽ ഉയർത്തുന്നതിലൂടെ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനും ബിജെപി ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്.

മറുപടി രേഖപ്പെടുത്തുക