പി. ജയരാജനെതിരായ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എസ്എൻഡിപി യോഗം ശ്രീനാരായണീയ ദർശനങ്ങളിൽ നിന്ന് വ്യതിചലിക്കുകയാണെന്നും സംഘടനയുടെ തെറ്റായ നിലപാടുകൾ തിരുത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാണ് ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. എന്നിട്ടും ആർഎസ്എസ് ഗുരുവിന്റെ പേര് ദുരുപയോഗം ചെയ്യുകയാണ്. ഇതിനെതിരെ പ്രതികരിക്കാൻ ശ്രീനാരായണീയർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സനാതന ധർമത്തിന്റെ പേരിൽ സവർണ മേധാവിത്വം അംഗീകരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഗോവിന്ദൻ ആരോപിച്ചു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളെ പിന്തുടരുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു ഗോവിന്ദന്റെ വിമർശനം.
