തമിഴ്നാട്ടിൽ ക്രമസമാധാനം തകർന്നു; വിജയ് സർക്കാരിനെതിരെ സ്റ്റാലിൻ

തമിഴ്നാട്ടിലെ തേനി ജില്ലയിൽ സബ് ജയിലിൽനിന്ന് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സംസ്ഥാനത്ത് ക്രമസമാധാനം പൂർണമായും തകർന്നുവെന്നും ജനപ്രിയ വെബ് സീരീസുകളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു. ‘ബ്രേക്കിംഗ് ബാഡിന്’ പിന്നാലെ തമിഴ്നാട്ടിൽ ഇപ്പോൾ ‘ജയിൽ ചാട്ടം’ തുടങ്ങിയെന്നാണ് സ്റ്റാലിന്റെ വിമർശനം.

തേനി ജില്ലയിലെ തേക്കംപട്ടി സബ് ജയിലിൽനിന്നാണ് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടത്. ജാമ്യത്തിൽ പുറത്തിറങ്ങിയവരെപ്പോലും നിരീക്ഷിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നും ജയിലിൽ കഴിയുന്നവർ പോലും എളുപ്പത്തിൽ രക്ഷപ്പെടുന്ന സാഹചര്യമാണുള്ളതെന്നും സ്റ്റാലിൻ ആരോപിച്ചു. 1995നുശേഷം ഇത്രയധികം തടവുകാർ ഒരുമിച്ച് രക്ഷപ്പെടുന്ന സംഭവം ഇതാദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഭവത്തെ തുടർന്ന് രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താൻ പൊലീസ് 17 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചു. ഇതുവരെ നാലുപേരെ പിടികൂടിയതായാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. സംഭവത്തിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഒമ്പത് ജയിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

അടുത്തിടെ മയക്കുമരുന്ന് കേസിൽ ടിവികെ നേതാവ് പിടിയിലായ സംഭവത്തിലും സ്റ്റാലിൻ പാർട്ടിയെ ‘ബ്രേക്കിംഗ് ബാഡ് പാർട്ടി’ എന്ന് വിശേഷിപ്പിച്ച് വിമർശിച്ചിരുന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതലയും വഹിക്കുന്ന മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ജയിൽ ചാട്ട സംഭവവും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്

മറുപടി രേഖപ്പെടുത്തുക