ചേരാനല്ലൂർ വാഹനാപകടത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് സംഭവമറിഞ്ഞപ്പോൾ തന്നെ ബോധ്യപ്പെട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ. സംഭവത്തിൽ സർക്കാരിന് ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലം എംഎൽഎ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതിനു പിന്നാലെ ഡിജിപിയുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയതിന്റെ അടിസ്ഥാനവും ചോദിച്ചറിഞ്ഞതായി മന്ത്രി പറഞ്ഞു.
ജഡ്ജിയുടെ മകനായാലും സാധാരണക്കാരനായാലും നിയമം എല്ലാവർക്കും ഒരുപോലെയാണെന്ന് ചെന്നിത്തല വ്യക്തമാക്കി. അപകടത്തിൽപ്പെട്ടയാളുടെ കുടുംബം മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങളും അംഗീകരിച്ചതോടെയാണ് ഇന്നലെ നടന്ന സമരം അവസാനിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തിൽ വാഹനം ഓടിച്ച 17കാരന് ജുവനൈൽ മജിസ്ട്രേറ്റ് ജാമ്യം അനുവദിക്കരുതെന്നാണ് കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. ജഡ്ജിക്കെതിരെ നേരിട്ട് നടപടിയെടുക്കാൻ സർക്കാരിന് കഴിയില്ലെങ്കിലും വാഹനത്തിന്റെ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇക്കാര്യം ഹൈക്കോടതി രജിസ്ട്രാറെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അപകടത്തിന് പിന്നാലെ ജഡ്ജി പൊലീസ് സ്റ്റേഷൻ സന്ദർശിച്ചതിനെയും ചെന്നിത്തല വിമർശിച്ചു. ഔദ്യോഗിക ആവശ്യത്തിനല്ലാതെ ജഡ്ജി പൊലീസ് സ്റ്റേഷനിൽ പോകാൻ പാടില്ലെന്നും അവിടെവച്ച് ജഡ്ജിയുടെ പെരുമാറ്റം മോശമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ട മനുഷ്യനെയും കുടുംബത്തെയും സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഒരു സ്വാധീനത്തിനും സർക്കാർ വഴങ്ങില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നെടുമ്പാശേരിയിലെ മറ്റൊരു വാഹനാപകടത്തിൽ പൊലീസ് ഗൗരവത്തോടെയാണ് ഇടപെട്ടതെന്നും പ്രതിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ ലഭിച്ച കേസിൽ നിശാന്തിനി ഐപിഎസിനെയാണ് അന്വേഷണച്ചുമതല ഏൽപ്പിച്ചത്. കേരള പൊലീസിനെതിരെ ഉയർന്ന വിമർശനങ്ങൾക്കും മറുപടി നൽകിയ മന്ത്രി, പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്നും വ്യക്തമാക്കി.
