‘എന്റെ ജോലിയിൽ ഞാൻ സത്യസന്ധത പുലർത്തുന്നു’; ‘രാമായണ’ സംഗീതത്തിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ച് എ.ആർ. റഹ്മാൻ

നിതീഷ് തിവാരിയുടെ വരാനിരിക്കുന്ന ചിത്രം ‘രാമായണ: റൈസ് ഓഫ് എ ലെജൻഡ്’ എന്ന ചിത്രത്തിലെ സംഗീതത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ. സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങളേക്കാൾ തന്റെ ജോലിയിലെ സത്യസന്ധതയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് ഓസ്കാർ ജേതാവായ റഹ്മാൻ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ഗാനം പൂർത്തിയാക്കുന്നതിന് പിന്നിൽ വലിയ പരിശ്രമവും നിരവധി മാറ്റങ്ങളും ആശയങ്ങളും ഉണ്ടാകാറുണ്ടെന്ന് റഹ്മാൻ പറഞ്ഞു. സൃഷ്ടിപരമായ പ്രക്രിയ പൂർത്തിയാക്കിയ ശേഷം പ്രേക്ഷകരുടെ പ്രതികരണത്തിനായി കാത്തിരിക്കാനാകാത്ത സാഹചര്യമാണെന്നും തന്റെ ജോലി ആത്മാർഥതയോടെ പൂർത്തിയാക്കുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിലെ ‘മംഗൾ രംഗ്’ എന്ന ഗാനം അരിജിത് സിങ്ങും ശ്രേയ ഘോഷാലും ചേർന്നാണ് ആലപിച്ചത്. ഗാനത്തിന് ഖവാലി, സൂഫി സംഗീതശൈലികളുടെ സ്വാധീനമുണ്ടെന്നും രാമായണത്തിന്റെ പശ്ചാത്തലത്തിന് അനുയോജ്യമല്ലെന്നും ചൂണ്ടിക്കാട്ടി ചിലർ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. നേരത്തേ പുറത്തിറങ്ങിയ ‘രാവണ താണ്ഡവ്’ എന്ന ഗാനവും സമാനമായ വിമർശനങ്ങൾ നേരിട്ടിരുന്നെങ്കിലും പിന്നീട് പ്രശംസ നേടിയതായി റിപ്പോർട്ടുകളുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ ഇത്രയും വലിയൊരു ഇതിഹാസത്തിന് വിവിധ ഭാഷകളിൽ സംഗീതം ഒരുക്കുന്നത് ബഹുമതിയും ഉത്തരവാദിത്തവുമാണെന്ന് റഹ്മാൻ പറഞ്ഞു. ചിത്രത്തിന്റെ സംഗീതത്തിനായി പ്രശസ്ത ഹോളിവുഡ് സംഗീതസംവിധായകൻ ഹാൻസ് സിമ്മറുമായി സഹകരിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ചിത്രത്തിൽ രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും യാഷ് രാവണനായും വേഷമിടുന്നു. നവംബർ 5നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ നിശ്ചയിച്ചിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക