കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്നും പ്രത്യേക സാമ്രാജ്യം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് നിയന്ത്രണമില്ലാത്ത സാഹചര്യം അനുവദിക്കില്ലെന്നും നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. കിഫ്ബിയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കിഫ്ബിയുടെ കീഴിൽ നിലവിൽ 31,761 കോടി രൂപയുടെ പ്രവൃത്തികളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവയെല്ലാം തുടരും. 27,000 കോടി രൂപയുടെ പ്രവൃത്തികൾക്കും ടെൻഡർ ചെയ്യാത്ത 4,000 കോടി രൂപയുടെ പ്രവൃത്തികൾക്കും തുടർനടപടികൾ സ്വീകരിക്കും. എന്നാൽ, നിലവിലുള്ള പദ്ധതികൾ പൂർത്തിയാക്കുമ്പോൾ ഏകദേശം 70,000 കോടി രൂപയുടെ ബാധ്യതയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഈ തുക എങ്ങനെ കണ്ടെത്തുമെന്നത് പ്രധാന ചോദ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുൻ സർക്കാർ ഉയർന്ന പലിശയ്ക്കാണ് വായ്പയെടുത്തതെന്നും കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ വായ്പാപരിധിയെ ബാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയുടെ ബാധ്യതകൾ സംസ്ഥാന സർക്കാരിനുതന്നെയാണ് ഏറ്റെടുക്കേണ്ടിവരുന്നത്. വായ്പാപരിധിയിൽനിന്ന് 12,000 കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 15,000 കോടി രൂപയുടെ ബാധ്യതയുമായി ബന്ധപ്പെട്ട കടമെടുപ്പ് ഈ സർക്കാരിന്റെ കാലത്ത് കുറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി.
കിഫ്ബിയുടെ വികസനപദ്ധതികൾ അട്ടിമറിക്കപ്പെട്ടെന്ന ആരോപണത്തിൽ വസ്തുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വിദഗ്ധസമിതിയുടെ റിപ്പോർട്ടിനെ കോർപ്പറേറ്റുവൽക്കരണ അജണ്ടയായി ചിത്രീകരിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കിഫ്ബിയുടെ കടമെടുപ്പിനെ നേരത്തേ എതിർത്തിരുന്ന കെ.എൻ. ബാലഗോപാൽ തന്നെ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട നോട്ടീസ് അവതരിപ്പിക്കുന്നതിലെ വൈരുധ്യവും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സർക്കാരിന്റെയോ ധനവകുപ്പിന്റെയോ നിയന്ത്രണമില്ലാതെ കിഫ്ബി പ്രവർത്തിച്ചുവെന്നും നൂറുകണക്കിന് ആളുകളെ നിയമിക്കുകയും ഉയർന്ന പലിശയ്ക്ക് വായ്പയെടുക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം നടപടികൾ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രധാന വികസനപദ്ധതികളെല്ലാം കിഫ്ബിയിലൂടെയാണ് നടപ്പാക്കിയതെന്ന വാദത്തെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. സിയാൽ, ഗോശ്രീ പാലം, കലൂർ സ്റ്റേഡിയം, ഇൻഫോപാർക്ക്, ടെക്നോപാർക്ക്, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികൾ ചൂണ്ടിക്കാട്ടി, കിഫ്ബി രൂപീകരിക്കുന്നതിന് മുമ്പും സംസ്ഥാനത്ത് വലിയ വികസനപ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കിഫ്ബി ഏറ്റെടുത്ത കണ്ണൂരിലെ ഒരു സ്ഥലവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. പാറക്ക്വാറിയായിരുന്ന പ്രദേശത്ത് പ്ലാസ്റ്റിക്കും മറ്റ് വസ്തുക്കളും നിറഞ്ഞതിനാൽ നിർമാണത്തിന് അനുയോജ്യമല്ലെന്നു വിദഗ്ധസമിതി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന് കിഫ്ബി ഈ വർഷം ഓഗസ്റ്റിലാണ് അനുമതി നൽകിയതെന്നും എന്നാൽ എൽഡിഎഫ് സർക്കാർ ഫെബ്രുവരിയിൽ തന്നെ പദ്ധതിക്ക് തറക്കല്ലിട്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. ചീഫ് സെക്രട്ടറിയുടെ ശമ്പളത്തേക്കാൾ ഉയർന്ന പ്രതിഫലം നൽകി ജീവനക്കാരെ നിയമിച്ചിട്ടും പ്രവൃത്തികളുടെ വേഗം എത്രത്തോളമാണെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
കിഫ്ബിയുമായി ബന്ധപ്പെട്ട ചെലവുകളും നിയമനങ്ങളും വായ്പകളും പരിശോധിക്കുമെന്നും പൊതുഖജനാവിൽനിന്നുള്ള പണത്തിന്റെ ചോർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള ക്രമക്കേടുകൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
