കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാനാകാത്തത് ഇവിഎമ്മിനെതിരെയും ‘വോട്ട് മോഷണ’ ആരോപണങ്ങളുന്നയിച്ചും കോൺഗ്രസ് നടത്തുന്ന പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണെന്ന് ബിജെപി നേതാക്കൾ പ്രതികരിച്ചു.
നാല് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി മൂന്നിടത്തും സഖ്യകക്ഷിയായ ജനതാദൾ സെക്കുലർ (ജെഡിഎസ്) ഒരിടത്തും വിജയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ ബിജെപി നേതാക്കൾ വിമർശനം ശക്തമാക്കിയത്.
വിദേശയാത്രകൾ നടത്തുന്നതിനുപകരം ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യുകയാണ് കോൺഗ്രസ് വേണ്ടതെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പേപ്പർ ബാലറ്റിൽ നടന്ന തിരഞ്ഞെടുപ്പിൽ പോലും കോൺഗ്രസിന് ഒരു സീറ്റും നേടാനാകാത്തത് രാഹുൽ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന ‘വോട്ട് മോഷണ’ ആരോപണങ്ങളെ ചോദ്യം ചെയ്യുന്നതാണെന്ന് ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ കുറിച്ചു. വിദേശപര്യടനങ്ങൾക്കുപകരം പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസും വിമർശനവുമായി രംഗത്തെത്തി. വോട്ടെടുപ്പ് പ്രക്രിയകൾ ഭരണകക്ഷിക്ക് അനുകൂലമായ രീതിയിൽ ഉപയോഗിക്കപ്പെട്ടുവെന്നാണ് കോൺഗ്രസിന്റെ ആരോപണം.
പേപ്പർ ബാലറ്റുകൾ ഉപയോഗിച്ചിട്ടും പരാജയം നേരിട്ടതോടെ കർണാടകയിലെ തിരഞ്ഞെടുപ്പ് നടപടികളെയും വോട്ടിങ് സംവിധാനത്തെയും ചൊല്ലി ബിജെപി–കോൺഗ്രസ് വാക്പോര് കൂടുതൽ ശക്തമായിരിക്കുകയാണ്.
