അക്രമപ്രതിഷേധങ്ങൾക്ക് കടിഞ്ഞാണിടാൻ ഫ്രാൻസ്; നാശനഷ്ടങ്ങൾക്ക് കൂട്ടപ്പിഴ ചുമത്താൻ ബിൽ

അക്രമാസക്തമായ പ്രതിഷേധങ്ങളിലും നശീകരണ പ്രവർത്തനങ്ങളിലും പങ്കെടുത്തവർക്ക് 10,000 യൂറോ (ഏകദേശം 11,100 ഡോളർ) വരെ നഷ്ടപരിഹാരം നൽകേണ്ടിവരുന്ന ബില്ലിന് ഫ്രഞ്ച് സെനറ്റ് അംഗീകാരം നൽകി. സംഘത്തിലെ മറ്റുള്ളവർ വരുത്തിയ നാശനഷ്ടങ്ങൾക്കും ഉത്തരവാദിത്തം ചുമത്താൻ വ്യവസ്ഥയുള്ള ബില്ലിനെ 229 പേർ അനുകൂലിച്ചപ്പോൾ 105 പേർ എതിർത്തു. രാജ്യവ്യാപക പ്രതിഷേധങ്ങൾ കൊള്ളയിലും തീവെപ്പിലും പൊലീസുമായുള്ള ഏറ്റുമുട്ടലുകളിലും കലാശിച്ച സാഹചര്യത്തിലാണ് നടപടി.

പാരിസ് സെന്റ് ജെർമെയ്ൻ ക്ലബ് ചാമ്പ്യൻസ് ലീഗ് നേടിയതിനു പിന്നാലെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേനൽക്കാലത്താണ് സർക്കാർ ബിൽ തയ്യാറാക്കിയത്. എന്നാൽ ജീവിതച്ചെലവിലെ വർധനയ്ക്കും വിദ്യാഭ്യാസ നിലവാരത്തിലെ തകർച്ചയ്ക്കുമെതിരെ ഈ മാസം നടന്ന പ്രതിഷേധങ്ങൾ പല നഗരങ്ങളിലും അക്രമാസക്തമായതോടെ ബിൽ വീണ്ടും സജീവ ചർച്ചയായി. കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ലിമോജസിലെ പത്തൊൻപതാം നൂറ്റാണ്ടിലെ നഗരസഭാ മന്ദിരം തകർക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. അക്രമങ്ങൾക്കിടെ ആയിരക്കണക്കിന് പേരെ അറസ്റ്റ് ചെയ്യുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.

ബിൽ അവതരിപ്പിച്ച ആഭ്യന്തരമന്ത്രി ലോറന്റ് നുനെസ്, നികുതിദായകരെയും പ്രതിഷേധങ്ങളിലെ ഇരകളെയും ബാധിക്കുന്ന നശീകരണവും കൊള്ളയും തടയുകയും നാശനഷ്ടങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. അക്രമം നടത്താൻ ഉദ്ദേശിച്ചുള്ള സംഘത്തിൽ അറിഞ്ഞുകൊണ്ട് പങ്കെടുക്കുന്നതിലൂടെ ഉത്തരവാദിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവർ വരുത്തിയ നാശനഷ്ടങ്ങൾക്കും ഉത്തരവാദിത്തം

അക്രമത്തിനോ നശീകരണത്തിനോ ഉദ്ദേശിച്ചുള്ള സംഘത്തിൽ അറിഞ്ഞുകൊണ്ട് ചേരുന്നവർക്കും പൊലീസ് പിരിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടും ആക്രമണം തുടരുന്ന ആൾക്കൂട്ടത്തിൽ തുടരുന്നവർക്കും സംയുക്ത സിവിൽ ബാധ്യത ചുമത്തുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. സംഘത്തിലെ മറ്റുള്ളവർ വരുത്തിയ നാശനഷ്ടങ്ങൾക്കുപോലും 10,000 യൂറോ വരെ നൽകേണ്ടിവരാം. എന്നാൽ അന്തിമ നഷ്ടപരിഹാരത്തുക കോടതി തീരുമാനിക്കും.

സമാധാനപരമായി പ്രതിഷേധത്തിൽ പങ്കെടുക്കുന്നതുകൊണ്ടുമാത്രം ഈ വ്യവസ്ഥ ബാധകമാകില്ലെന്ന് മധ്യപക്ഷ സെനറ്റർ ഒലിവിയർ ബിറ്റ്സ് വ്യക്തമാക്കി. നിയമാനുസൃതമായ കാരണങ്ങളാൽ ആൾക്കൂട്ടത്തിൽ തുടരുന്നവർക്കും ഇളവുണ്ടാകും. മാധ്യമപ്രവർത്തകരും മെഡിക്കൽ സന്നദ്ധപ്രവർത്തകരും ഇതിൽ ഉൾപ്പെട്ടേക്കാം.

കോടതി വിധിക്കുന്ന നഷ്ടപരിഹാരം ഈടാക്കുന്നതിനായി കുടുംബ അലവൻസുകൾ, ഭവനസഹായം, കുറഞ്ഞ വരുമാനക്കാർക്കുള്ള ആനുകൂല്യങ്ങൾ തുടങ്ങിയ സാമൂഹിക സഹായങ്ങളിൽനിന്ന് തുക പിടിക്കാനും ബിൽ വ്യവസ്ഥ ചെയ്യുന്നു.

അവകാശങ്ങൾ നിയന്ത്രിക്കപ്പെടുമെന്ന് വിമർശനം

യാഥാസ്ഥിതികരും മധ്യപക്ഷക്കാരും തീവ്ര വലതുപക്ഷ നേതാവ് മറീൻ ലെ പെന്നിന്റെ നാഷണൽ റാലി പാർട്ടിയും ബില്ലിനെ പിന്തുണച്ചു. എന്നാൽ ഇടതുപക്ഷം ശക്തമായ എതിർപ്പാണ് ഉയർത്തിയത്. നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളായവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും നികുതിദായകരുടെ പണം സംരക്ഷിക്കാനും നിയമം സഹായിക്കുമെന്നാണ് അനുകൂലികളുടെ വാദം.

എന്നാൽ സാമൂഹിക ആനുകൂല്യങ്ങളിൽനിന്ന് തുക പിടിക്കുന്നത് കുറ്റക്കാരല്ലാത്ത കുടുംബാംഗങ്ങളെയും ബാധിക്കാമെന്ന് സോഷ്യലിസ്റ്റ് സെനറ്റർ മാരി-പിയർ ദെ ലാ ഗോൺട്രി മുന്നറിയിപ്പ് നൽകി. സമാധാനപരമായി ഒത്തുചേരാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങൾ വിനിയോഗിക്കുന്നതിൽനിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാൻ ബിൽ ഇടയാക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ഫ്രാൻസും ആശങ്ക പ്രകടിപ്പിച്ചു.

2027ലെ ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ബിൽ സെനറ്റിൽ പാസായത്. അക്രമങ്ങളെ നിയന്ത്രിക്കുന്നതിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിക്കുന്ന മറീൻ ലെ പെൻ ‘നശീകരണത്തിന് ഉത്തരവാദികൾ പണം നൽകണം’ എന്ന നിലപാടിനെ പിന്തുണയ്ക്കുന്നു. അതേസമയം, ഇടതുപക്ഷ നേതാവ് ജീൻ-ലൂക് മെലൻഷോൺ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുമ്പോഴും കൊള്ളയെയും നശീകരണത്തെയും അപലപിച്ചിട്ടുണ്ട്. പൊലീസ് അതിക്രമങ്ങൾ സംഘർഷം വർധിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

വലതുപക്ഷത്തിന് മേൽക്കൈയുള്ള സെനറ്റിൽ പാസായെങ്കിലും ബിൽ ഇനി ദേശീയ അസംബ്ലിയിൽ കടുത്ത പരീക്ഷണം നേരിടും. മധ്യപക്ഷ-വലതുപക്ഷ അംഗങ്ങൾക്ക് സംഖ്യാബലമുണ്ടെങ്കിലും പ്രതിഷേധങ്ങൾക്കെതിരായ നിയന്ത്രണങ്ങളുടെ കാര്യത്തിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

മറുപടി രേഖപ്പെടുത്തുക