റോഡപകടങ്ങൾ തടയാൻ കർശന നടപടികൾ വേണം; വകുപ്പുകളോട് നിർദ്ദേശങ്ങൾ തേടി ഹൈക്കോടതി

സംസ്ഥാനത്ത് റോഡപകടങ്ങളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. അപകടങ്ങൾ കുറയ്ക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി വ്യക്തമായ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. നവംബർ മൂന്നിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ നടപടികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ നോഡൽ ഓഫീസറായി ഹൈക്കോടതി നിശ്ചയിച്ചു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ അടുത്ത 45 ദിവസത്തിനകം റോഡ് സുരക്ഷയ്ക്കായി ഏകീകൃത നിരീക്ഷണ പ്ലാറ്റ്‌ഫോം വികസിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

അപകടങ്ങൾ പതിവായി നടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകൾ അടിയന്തരമായി കണ്ടെത്തി ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കാനും കോടതി നിർദ്ദേശിച്ചു. അമിതവേഗവും അപകടകരമായ ഡ്രൈവിംഗും കർശനമായി നിയന്ത്രിക്കണം. റോഡുകളിലെ കുഴികളും മറ്റ് തകരാറുകളും ഉടൻ പരിഹരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കി റോഡ് സുരക്ഷാ നടപടികൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് കോടതിയുടെ നിർദ്ദേശങ്ങളുടെ ലക്ഷ്യം. കേസ് നവംബർ മൂന്നിന് വീണ്ടും പരിഗണിക്കും

മറുപടി രേഖപ്പെടുത്തുക