എറണാകുളം ജില്ലയിൽ നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പിൽ നാല് വാർഡുകളിലും സിറ്റിങ് സീറ്റുകൾ അതത് മുന്നണികൾ നിലനിർത്തി. കൊച്ചി കോർപ്പറേഷൻ അയ്യപ്പൻകാവ് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി എ.കെ. അജിത് കുമാർ 549 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കൗൺസിലറായിരുന്ന ദീപക് ജോയ് എംഎൽഎ ആയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
പുതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് എട്ടാം വാർഡിൽ ട്വന്റി-ട്വന്റി സ്ഥാനാർഥി ദീനാമ്മ ജേക്കബ് 96 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ പഞ്ചായത്തിലെ യുഡിഎഫ്–ട്വന്റി-ട്വന്റി കക്ഷിനില തുല്യമായി. അഭിപ്രായവ്യത്യാസത്തെ തുടർന്ന് ട്വന്റി-ട്വന്റി അംഗം രാജിവച്ചതോടെയാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വടക്കൻ പറവൂരിലെ വടക്കേക്കര പഞ്ചായത്തിലെ മാടപ്ലാതുരുത്ത് ഒൻപതാം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി ജോസ് കുനിയന്തേടത്ത് 140 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് നിലവിൽ എൽഡിഎഫാണ് ഭരിക്കുന്നത്.
പാറക്കടവ് പഞ്ചായത്തിലെ പുളിയനം നാലാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സുഗന്ധി ജോഷി 207 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്.
സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ തദ്ദേശ ഉപതെരഞ്ഞെടുപ്പായിരുന്നു ഇത്. എറണാകുളം ജില്ലയിൽ നടന്ന നാല് ഉപതെരഞ്ഞെടുപ്പുകളിലും നിലവിലെ മുന്നണികൾ സീറ്റുകൾ നിലനിർത്തിയതോടെ രാഷ്ട്രീയ അട്ടിമറികളൊന്നും ഉണ്ടായില്ല.
