പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് , തങ്ങളുടെ പുതിയ വനിതാ പോരാട്ട യൂണിറ്റായ ‘കരീമ ആംഡ് അസോൾട്ട് ഡിവിഷൻ’ (KAAD) നടത്തിയ ആക്രമണങ്ങളിൽ ഒൻപത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി അവകാശപ്പെട്ടു. ആക്രമണങ്ങളുടെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോയും സംഘടന പുറത്തുവിട്ടിട്ടുണ്ട്.
ഈ മാസം 22ന് ടർബത്തിനടുത്തുള്ള സീപെക് ഹൈവേയിൽ പാകിസ്ഥാൻ സൈനിക വാഹനവ്യൂഹത്തിന് നേരെ വനിതാ പോരാളികൾ ആക്രമണം നടത്തിയെന്നാണ് BLFയുടെ അവകാശവാദം. ആക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടതായും സംഘടന പറഞ്ഞു. കലാത് ജില്ലയിലെ ക്വറ്റ–കറാച്ചി ഹൈവേയിൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ മൂന്ന് സൈനികർ കൂടി കൊല്ലപ്പെട്ടതായും ഇതോടെ ആകെ മരണസംഖ്യ ഒൻപതായി ഉയർന്നതായും BLF അറിയിച്ചു.
പുരുഷ പോരാളികളുടെ യൂണിറ്റുമായി ചേർന്നാണ് ആക്രമണങ്ങൾ നടത്തിയതെന്നും സംഘടന വ്യക്തമാക്കി. പുറത്തുവിട്ട വീഡിയോയിൽ ഏകദേശം 20 വനിതാ പോരാളികൾക്ക് കനത്ത ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നൽകുന്ന ദൃശ്യങ്ങളും ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുന്നതിന്റെയും ആക്രമണം നടത്തുന്നതിന്റെയും ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
“യുദ്ധമാണ് നമ്മുടെ കടമ. അടിമത്തം മതി. പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വേർതിരിവ് ഞങ്ങൾ ഇല്ലാതാക്കി” എന്ന് യൂണിറ്റ് കമാൻഡർ വീഡിയോയിൽ പറയുന്നതായാണ് റിപ്പോർട്ട്.
കാനഡയിൽ മരിച്ച ബലൂച് മനുഷ്യാവകാശ പ്രവർത്തക കരിമ ബലൂച്ചിന്റെ പേരിലാണ് പുതിയ യൂണിറ്റിന് പേര് നൽകിയിരിക്കുന്നത്. അതേസമയം, ഒൻപത് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടെന്ന BLFയുടെ അവകാശവാദം സ്വതന്ത്ര സ്രോതസ്സുകൾ സ്ഥിരീകരിച്ചിട്ടില്ല. ബലൂച് വിമത സംഘടനകളിൽ വനിതകളുടെ സാന്നിധ്യവും പങ്കാളിത്തവും വർധിക്കുന്നതിനിടെയാണ് പുതിയ വനിതാ യൂണിറ്റിന്റെ പ്രവർത്തനം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
