ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസവും മുൻ ക്യാപ്റ്റനുമായ കുമാർ സംഗക്കാരയ്ക്കും കുടുംബത്തിനും ഡബ്ലിനിൽ റയാനെയർ വിമാനക്കമ്പനിയുടെ ഗേറ്റ് ജീവനക്കാരിൽനിന്ന് വിവേചനപരവും ഭീഷണിപ്പെടുത്തുന്നതുമായ പെരുമാറ്റം നേരിട്ടതായി ആരോപണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് സംഗക്കാര തന്റെ ദുരനുഭവം പങ്കുവെച്ചത്.
ജീവനക്കാരുടെ സംസാരരീതിയും നടപടിക്രമങ്ങൾ കൈകാര്യം ചെയ്ത രീതിയും ഭീഷണിപ്പെടുത്തുന്ന സമീപനവും അംഗീകരിക്കാനാവില്ലെന്ന് സംഗക്കാര കുറിച്ചു. ഒരു യാത്രക്കാരനും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും ഡബ്ലിനിൽ തനിക്കുണ്ടായ ആദ്യത്തെ കയ്പേറിയ അനുഭവമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ജീവനക്കാരുമായുള്ള തർക്കത്തിലേക്ക് നയിച്ച കൃത്യമായ കാരണങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
സംഗക്കാരയുടെ പോസ്റ്റിനോട് പ്രതികരിച്ച മറ്റൊരു ശ്രീലങ്കക്കാരനായ സഞ്ജീവ വീരവാരണയും പാശ്ചാത്യ രാജ്യങ്ങളിൽ താൻ വിവേചനം നേരിട്ടിട്ടുണ്ടെന്ന് പറഞ്ഞു. ഇത്തരം അനുഭവങ്ങൾ നേരിടുമ്പോൾ ഏറെ അസ്വസ്ഥതയുണ്ടാകുമെന്ന് സംഗക്കാര മറുപടി നൽകി.
അതേസമയം, സംഗക്കാരയുടെ ആരോപണങ്ങളിൽ റയാനെയർ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ശ്രീലങ്കൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന സംഗക്കാര 2015ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. 134 ടെസ്റ്റുകളിലും 404 ഏകദിനങ്ങളിലും ശ്രീലങ്കയെ പ്രതിനിധീകരിച്ച അദ്ദേഹം 2007, 2011 ഏകദിന ലോകകപ്പുകളിൽ ടീം ഫൈനലിലെത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. നിലവിൽ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാണ് അദ്ദേഹം.
