അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്ക് സർക്കാർ ജോലി നൽകില്ല; യുപിയിൽ പുതിയ മാർഗരേഖ

അക്രമമാർഗങ്ങളിലൂടെ നിലവിലെ ഭരണസംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ സർക്കാർ ജോലികളിൽനിന്ന് മാറ്റിനിർത്താൻ പുതിയ മാർഗരേഖയുമായി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ സർവീസുകളിലെ നേരിട്ടുള്ള നിയമനത്തിന് മുന്നോടിയായുള്ള സ്വഭാവ-പശ്ചാത്തല പരിശോധന കർശനമാക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രതിഷേധങ്ങൾക്കിടെ ഭരണസംവിധാനം മാറ്റണമെന്ന മുദ്രാവാക്യങ്ങൾ ഉയർന്നത് വിവാദമായതിന് പിന്നാലെയാണ് നടപടി.

അലഹബാദ് ഹൈക്കോടതിയുടെ നിർദേശത്തെത്തുടർന്നാണ് സർക്കാർ പുതുക്കിയ മാർഗരേഖ പുറപ്പെടുവിച്ചത്. സർക്കാർ വകുപ്പുകൾ, കോർപ്പറേഷനുകൾ, കൗൺസിലുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ നേരിട്ടുള്ള നിയമനങ്ങൾക്ക് പുതിയ വ്യവസ്ഥകൾ ബാധകമായിരിക്കും. അക്രമത്തിലൂടെ നിലവിലെ ഭരണസംവിധാനം അട്ടിമറിക്കാൻ ലക്ഷ്യമിടുന്ന സംഘടനകളുമായി ബന്ധമുള്ളവരെ സർക്കാർ ജോലികളിൽനിന്ന് ഒഴിവാക്കാൻ വ്യവസ്ഥകളുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

21 വയസ്സ് തികഞ്ഞതിനുശേഷം, പരിശോധനയ്ക്ക് മുമ്പുള്ള മൂന്ന് വർഷത്തിനിടെ ഇത്തരം അക്രമപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിൽ അത് തുടരുന്ന പ്രവണതയായി കണക്കാക്കാമെന്നാണ് മാർഗരേഖയിലെ വ്യവസ്ഥ. എന്നാൽ ഈ കാലയളവിൽ ഉദ്യോഗാർത്ഥിയുടെ സ്വഭാവത്തിൽ ഗുണപരമായ മാറ്റമുണ്ടായെന്ന് തെളിയിക്കുന്ന രേഖകളുണ്ടെങ്കിൽ അവ പരിഗണിക്കും. രാഷ്ട്രീയ നിലപാടുകളോ പ്രത്യയശാസ്ത്രപരമായ വിശ്വാസങ്ങളോ മാത്രം ഒരാളെ നിയമനത്തിൽനിന്ന് ഒഴിവാക്കാനുള്ള കാരണമാകില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

നിയമന നടപടികളിലെ കാലതാമസം ഒഴിവാക്കാൻ ജില്ലാ പൊലീസിനും ലോക്കൽ ഇന്റലിജൻസ് യൂണിറ്റിനും 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. പശ്ചാത്തല പരിശോധനയ്ക്കുള്ള അപേക്ഷ ലഭിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കാലതാമസം ആഭ്യന്തര വകുപ്പ് നിരീക്ഷിക്കും. പരിശോധനയുടെ ഭാഗമായി ഉദ്യോഗാർത്ഥിയുടെ വീട് സന്ദർശിക്കേണ്ടതില്ലെന്നും ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകേണ്ടതില്ലെന്നും മാർഗരേഖ നിർദേശിക്കുന്നു.

പരിശോധനാ റിപ്പോർട്ടിൽ പ്രതികൂല പരാമർശങ്ങളുണ്ടെങ്കിൽ അന്തിമ ശുപാർശ നൽകുന്നതിന് മുമ്പ് ഉദ്യോഗാർത്ഥിക്ക് വിശദീകരണം നൽകാൻ അവസരം നൽകണം. ജില്ലാ മജിസ്ട്രേറ്റിന് മുന്നിൽ നേരിട്ടോ ഓൺലൈനായോ വിശദീകരണം നൽകാമെന്നാണ് വ്യവസ്ഥ.

കേവലം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതുകൊണ്ടോ അന്വേഷണം നിലനിൽക്കുന്നതുകൊണ്ടോ ഒരാൾ സ്വമേധയാ അയോഗ്യനാകില്ല. കോടതി കുറ്റവിമുക്തരാക്കിയ കേസുകൾ, ഒത്തുതീർപ്പിലെത്തിയ കേസുകൾ, ജുവനൈൽ ജസ്റ്റിസ് നിയമത്തിന്റെ പരിധിയിൽ വരുന്ന കേസുകൾ എന്നിവയും അയോഗ്യതയ്ക്ക് കാരണമാകില്ല. പരിശോധനാ റിപ്പോർട്ട് വൈകിയാലും ഉദ്യോഗാർത്ഥി സമർപ്പിച്ച സത്യവാങ്മൂലത്തിന്റെയും രേഖകളുടെയും അടിസ്ഥാനത്തിൽ താത്കാലിക നിയമനം നൽകാം. എന്നാൽ തെറ്റായ വിവരങ്ങൾ നൽകിയതായി പിന്നീട് കണ്ടെത്തിയാൽ നിയമനം റദ്ദാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യും. നിലവിൽ സർവീസിലുള്ള ജീവനക്കാർക്ക് വീണ്ടും പരിശോധന നടത്തേണ്ടതില്ലെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം, സർക്കാരിന്റെ പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ ഭരണഘടനാപരമായ അവകാശത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണിതെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താൻ ഉപയോഗിച്ച നിയമങ്ങൾക്ക് സമാനമാണ് പുതിയ ഉത്തരവെന്ന് പാർട്ടി വക്താവ് ഉദയ്‌വീർ വിമർശിച്ചു. ജനാധിപത്യത്തിൽ നിയമപരമായ നടപടികളിലൂടെ അധികാരമാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണെന്നും ജനങ്ങളെ ഭയപ്പെടുത്തി നിർത്താനുള്ള ഭരണകൂടത്തിന്റെ സമീപനമാണ് ഉത്തരവിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ തലമുറയുടെ പ്രതിഷേധങ്ങളെ സർക്കാർ ഭയപ്പെടുന്നതിന്റെ തെളിവാണ് നടപടിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് റഷീദ് ആൽവിയും ആരോപിച്ചു. ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കാൻ കോടതികളുള്ള സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക