ഡ്യൂട്ടിക്കിടെ മദ്യപിച്ച് അബോധാവസ്ഥയിൽ; ചെക്പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

തിരുവനന്തപുരം: ഡ്യൂട്ടി സമയത്ത് മദ്യപിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കള്ളിക്കാട് ചെക്പോസ്റ്റിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിവന്റീവ് ഓഫീസർ ഷിൻരാജിനെയാണ് അച്ചടക്കലംഘനത്തെ തുടർന്ന് സസ്പെൻഡ് ചെയ്തത്. എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് നടപടി.

ഷിൻരാജ് യൂണിഫോമിൽ മദ്യപിച്ച് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടർന്ന് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചെക്പോസ്റ്റിലെത്തി പരിശോധന നടത്തി.

ചെക്പോസ്റ്റ് ഓഫീസിന്റെ പരിസരത്ത് ഉദ്യോഗസ്ഥനെ കാണാതിരുന്നതിനെ തുടർന്ന് സമീപത്തെ വിശ്രമമുറിയിൽ നടത്തിയ പരിശോധനയിലാണ് ഷിൻരാജിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഡ്യൂട്ടി സമയത്ത് വിശ്രമമുറിയിൽ എന്തിനാണ് കഴിഞ്ഞതെന്ന് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥൻ അവ്യക്തമായ മറുപടിയാണ് നൽകിയതെന്ന് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

തുടർന്ന് വൈദ്യപരിശോധനയ്ക്കായി ഷിൻരാജിനെ മലയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ എത്തിച്ചു. പരിശോധനയിൽ ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നതായി ഡോക്ടർ സ്ഥിരീകരിച്ചു.

ഡ്യൂട്ടി സമയത്തെ മദ്യപാനം ഗുരുതരമായ അച്ചടക്കലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.

മറുപടി രേഖപ്പെടുത്തുക