വോട്ടുകൊള്ളയ്ക്കെതിരെ പോരാട്ടം തുടരും; ഇന്ത്യാ സഖ്യ റാലിയിലെ നിലപാട് വ്യക്തമാക്കി ഖാർഗെ

വോട്ടുകൊള്ള ആരോപണത്തിലും തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആറിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച് നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടത്താനിരിക്കുന്ന ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ജനങ്ങളെ ഉണർത്തുകയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിഷേധ മാർച്ച് മാറ്റിവയ്ക്കണമെന്ന് വിവിധ വ്യാപാര സംഘടനകൾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം. ഉത്സവകാലത്ത് വൻ റാലി വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്നും ഉപജീവനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് വ്യാപാരികൾ പ്രതിഷേധം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.

വോട്ടുകൊള്ളയും തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഗ്യാനേഷ് കുമാറിന്റെ നടപടികളും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെയും വോട്ടർമാരുടെ അവകാശങ്ങൾ നിഷേധിക്കാനുള്ള നീക്കങ്ങൾക്കെതിരെയും ജനങ്ങളെ ബോധവത്കരിക്കുകയാണ് പോരാട്ടത്തിന്റെ ലക്ഷ്യമെന്ന് ഖാർഗെ പറഞ്ഞു. ജനാധിപത്യത്തിൽ ജനങ്ങളെ ഉണർത്താൻ പോരാട്ടം അനിവാര്യമാണെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ നവംബർ ഒന്നിന് നടക്കുന്ന റാലിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ജനാധിപത്യം സംരക്ഷിക്കാനും വോട്ടുകൊള്ള തടയാനും ഭരണഘടനയുടെ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുമുള്ള പോരാട്ടത്തിൽ പങ്കുചേരണമെന്ന് രാഹുൽ ഗാന്ധി ജനങ്ങളോട് അഭ്യർഥിച്ചു. ഡൽഹിയിലെ രാംലീല മൈതാനിയിൽ നടക്കുന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കണമെന്ന് എക്‌സിൽ പങ്കുവെച്ച ഹിന്ദി വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിക്കുവേണ്ടിയുള്ള പോരാട്ടമല്ല ഇതെന്നും ഇന്ത്യയുടെ ആത്മാവിനെ സംരക്ഷിക്കാനുള്ള പ്രസ്ഥാനമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനാധിപത്യ സ്വാതന്ത്ര്യവും വ്യക്തികളുടെ അഭിപ്രായപ്രകടനത്തിനുള്ള അവകാശവും ഭീഷണി നേരിടുകയാണെന്ന് ആരോപിച്ച അദ്ദേഹം, രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് വിദ്യാർഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കുചേരണമെന്നും അഭ്യർഥിച്ചു.

മറുപടി രേഖപ്പെടുത്തുക