മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വോട്ട് കൊള്ള ആരോപണങ്ങളിൽ തെളിവുകളുമായി രാഷ്ട്രപതി ദ്രൗപദി മുർമുവിനെ വീണ്ടും കാണാൻ ഇന്ത്യ സഖ്യ നേതാക്കൾ. കൂടിക്കാഴ്ചയ്ക്കായി വരും ദിവസങ്ങളിൽ സമയം തേടും. ഡൽഹിയിൽ തുടരുന്ന പ്രതിഷേധം വിവിധ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനും പ്രതിപക്ഷം പദ്ധതിയിടുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബർ 9-ന് നടന്ന കൂടിക്കാഴ്ചയിൽ വോട്ട് ക്രമക്കേട് ആരോപണങ്ങളിൽ തെളിവുകൾ ഹാജരാക്കാൻ രാഷ്ട്രപതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം വീണ്ടും രാഷ്ട്രപതി ഭവനിലെത്തുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ റദ്ദാക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഇന്ത്യ സഖ്യം ഉന്നയിക്കുന്നുണ്ട്.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷത്തിന്റെ ജനകീയ കുറ്റവിചാരണ ഇന്ന് (ഒക്ടോബർ 31) വൈകിട്ട് 3.30ന് മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടക്കും. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാർ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും.
