സർദാർ പട്ടേലിനെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാൻ കോൺഗ്രസ് ശ്രമിച്ചു: അമിത് ഷാ

കോൺഗ്രസ് ഭരണകാലത്ത് സർദാർ വല്ലഭായ് പട്ടേലിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്നും അദ്ദേഹത്തെ ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച ‘ഏക്ത റൺ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പട്ടേലിന്റെ സ്മരണയ്ക്കായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ‘സ്റ്റാച്യു ഓഫ് യൂണിറ്റി’ നിർമിച്ചതായും ഷാ അനുസ്മരിച്ചു. പട്ടേലിന്റെ സേവനങ്ങളും വ്യക്തിത്വവും രാജ്യത്തെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിൽ ഈ സ്മാരകം നിർണായക പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു. വെറും 1,218 ദിവസങ്ങൾക്കുള്ളിൽ രാജ്യത്തിന്റെ ഐക്യത്തിന് ശക്തമായ അടിത്തറയിട്ട നേതാവാണ് പട്ടേലെന്നും ഷാ കൂട്ടിച്ചേർത്തു.

2029 ഡിസംബർ 31-നകം ഇന്ത്യയെ പൂർണമായും ലഹരിമുക്ത രാജ്യമാക്കുകയാണ് ലക്ഷ്യമെന്നും ഇതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അമിത് ഷാ ആഹ്വാനം ചെയ്തു. ലഹരിമുക്ത ഭാരതത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനാകൂ എന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പട്ടേൽ ജയന്തി ദേശീയ ഐക്യദിനമായി ആചരിക്കുന്നതായും ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ ജമ്മു കശ്മീരിന്റെ ഇന്ത്യയുമായുള്ള സംയോജനം പൂർണമായെന്നും ഷാ അവകാശപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക