ആക്രമണങ്ങളിലൂടെ എസ്എഫ്ഐയുടെ വളർച്ച തടയാനാകില്ലെന്ന് എംഎസ്എഫ്, മുസ്ലിം ലീഗ് നേതാക്കൾ മനസ്സിലാക്കണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. മലപ്പുറത്ത് കുൽസിത മാർഗങ്ങളിലൂടെ ചില വിജയങ്ങൾ നേടാനുള്ള എംഎസ്എഫിന്റെ നീക്കങ്ങൾ പരാജയപ്പെട്ടതിലുള്ള രോഷമാണ് എസ്എഫ്ഐ നേതാക്കൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
ആക്രമണങ്ങളിൽ പങ്കെടുത്ത എംഎസ്എഫ് പ്രവർത്തകരെ സർക്കാർ സംരക്ഷിക്കുകയാണെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. എന്നാൽ പ്രകോപനങ്ങൾക്ക് വഴങ്ങാതെ സമചിത്തതയോടെ സാഹചര്യം നേരിടാനാണ് എസ്എഫ്ഐയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ജാമിയ മിലിയയിലെ വിദ്യാർഥികളെയും എം.എ. ബേബി അഭിനന്ദിച്ചു. സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ സമരം ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനായ സുരേഷ് ഗോപി വിഷയത്തിൽ ഇടപെടണമെന്നും എം.എ. ബേബി അഭ്യർഥിച്ചു.
നാളെ നടക്കുന്ന മഹാറാലിയിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നും അമിത് ഷാ, നരേന്ദ്ര മോദി, മോഹൻ ഭാഗവത് എന്നിവർ ചേർന്ന് നടത്തുന്ന നീക്കങ്ങളെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിജെപിയും റാലിയിൽ പങ്കെടുക്കുമെന്ന് എം.എ. ബേബി വ്യക്തമാക്കി.
