ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറ് മരണം; സർവീസുകൾ നിർത്തിവെച്ച് അധികൃതർ

ഉത്തരാഖണ്ഡിൽ ബദരീനാഥിൽനിന്ന് സഹസ്രധാരയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റടക്കം ആറ് പേർ മരിച്ചു. ജോഷിമഠിന് സമീപം ചായ് ഗ്രാമത്തിലായിരുന്നു അപകടം. മരിച്ചവരിൽ പൈലറ്റ് ക്യാപ്റ്റൻ ഹിമാൻഷു സഭർവാളും അഞ്ച് യാത്രക്കാരുമുണ്ട്. യാത്രക്കാരെല്ലാം കർണാടക സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. അപകടവിവരമറിഞ്ഞ് ഉത്തരാഖണ്ഡ് പൊലീസും സംസ്ഥാന ദുരന്തനിവാരണ സേനയും സൈന്യവും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തി.

ചമോലി പൊലീസ് സൂപ്രണ്ട് സുർജിത് സിംഗ് പൻവാറിന്റെ വിവരമനുസരിച്ച്, ട്രാൻസ് ഭാരത് ഏവിയേഷന്റെ ഹെലികോപ്റ്റർ ഉച്ചയ്ക്ക് 1.12നാണ് ബദരീനാഥ് സിവിൽ ഹെലിപാഡിൽനിന്ന് പുറപ്പെട്ടത്. രണ്ട് മിനിറ്റിനുശേഷം ജോഷിമഠിന് സമീപം ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടമായി. ഹെലികോപ്റ്റർ താഴ്‌വരയിലേക്ക് പതിക്കുന്നത് കണ്ടതായി പ്രദേശവാസികൾ അറിയിച്ചതായും അധികൃതർ വ്യക്തമാക്കി.

അപകടത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ എല്ലാ ഹെലികോപ്റ്റർ സർവീസുകളും ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്റ് അതോറിറ്റി താൽക്കാലികമായി നിർത്തിവച്ചു. സംസ്ഥാനത്ത് തുടർച്ചയായി ഹെലികോപ്റ്റർ അപകടങ്ങൾ ഉണ്ടാകുന്നതിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഹെലികോപ്റ്റർ സർവീസുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക