ഷെയ്ഖ് ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയ മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച മുൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ കെ.എം. തഹ്‌സീഫ് സൗരിയുടെ മൃതദേഹം ധാക്കയ്ക്ക് സമീപം തുരാഗ് നദിയിൽ നിന്നാണ് കണ്ടെത്തിയത്. സംഭവത്തിൽ കൊലപാതകമെന്ന സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി.

ഈ മാസം 27നാണ് തഹ്‌സീഫിനെ കാണാതായത്. സുഹൃത്തിന്റെ ഫോൺവിളിയെ തുടർന്ന് വീട്ടിൽനിന്ന് ഇറങ്ങിയതാണെന്നും പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും കുടുംബം പറയുന്നു. പുലർച്ചെ ഒന്നരയോടെ വീട്ടിലേക്ക് മടങ്ങിവരുന്നതായി അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നെങ്കിലും തിരിച്ചെത്തിയില്ല. തുടർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഹസീനയുടെ പലായന ദൃശ്യങ്ങൾ പുറത്തുവിട്ടതിനു പിന്നാലെ തഹ്‌സീഫ് പീഡനങ്ങൾ നേരിട്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

2024ൽ ഷെയ്ഖ് ഹസീന വ്യോമസേനാ വിമാനത്തിൽ രാജ്യംവിട്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് തഹ്‌സീഫായിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ ഇയാളെ വ്യോമസേനാ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ ചാരനാണെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നാലെയായിരുന്നു നടപടിയെന്നും റിപ്പോർട്ടുകളുണ്ട്.

ജൂലൈ 21ന് പുറത്തിറങ്ങിയ ‘സ്പീക്ക് വിത്ത് റാഷിദ്’ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലും ജോലി നഷ്ടമായതിനെക്കുറിച്ച് തഹ്‌സീഫ് പ്രതികരിച്ചിരുന്നു. ഹസീനയുടെ പലായന ദൃശ്യങ്ങൾ പകർത്തിയതാണോ ജോലിയിൽനിന്ന് പുറത്താക്കാൻ കാരണമായതെന്ന ചോദ്യത്തിന് ‘ആയിരിക്കാം’ എന്നായിരുന്നു മറുപടി. സംഭവത്തിൽ മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഔദ്യോഗിക അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

മറുപടി രേഖപ്പെടുത്തുക