ഇറാനെതിരായ അമേരിക്ക-ഇസ്രയേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികളുടെ ലാഭം മൂന്നിരട്ടിയോളം വർധിച്ചതായി റിപ്പോർട്ട്. അതേസമയം, ഇന്ധനവില കുതിച്ചുയരുന്നത് വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാകുകയാണ്. ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട സാമ്പത്തിക കണക്കുകളിലാണ് എണ്ണക്കമ്പനികളുടെ വൻ ലാഭവർധന വ്യക്തമാകുന്നത്.
ഷെവ്റോൺ, എക്സോൺ മൊബിൽ, വലേറോ തുടങ്ങിയ പ്രമുഖ കമ്പനികൾ ഉൾപ്പെടെ 50ലധികം എണ്ണക്കമ്പനികളുടെ ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള ആറുമാസത്തെ സാമ്പത്തിക ഫലങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ കണക്കുകൾ പുറത്തുവന്നത്. ഈ കാലയളവിൽ കമ്പനികൾ ആകെ 130 ബില്യൺ ഡോളർ ലാഭം നേടി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലാഭം 47 ബില്യൺ ഡോളറിൽ താഴെയായിരുന്നു. ഫെബ്രുവരി 28ന് ഇറാനെതിരായ അമേരിക്കൻ-ഇസ്രയേൽ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം പെട്രോളിനും ഡീസലിനുമായി അമേരിക്കക്കാർ അധികമായി ചെലവഴിച്ച 147 ബില്യൺ ഡോളറിന് ഏതാണ്ട് തുല്യമാണ് കമ്പനികളുടെ ഈ ലാഭമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ആറുമാസത്തോളം ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതും ചെങ്കടലിലെ ഹൂതി ആക്രമണങ്ങളും ആഗോള എണ്ണവില ഉയരാൻ കാരണമായി. ഇതിന്റെ നേട്ടം അമേരിക്കൻ എണ്ണ ഉൽപ്പാദകർക്ക് ലഭിച്ചു. 2022ൽ യുക്രെയ്ൻ സംഘർഷം രൂക്ഷമായതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ലാഭമാണ് ഷെവ്റോണും എക്സോൺ മൊബിലും രേഖപ്പെടുത്തിയത്. എക്സോണിന്റെ മൂന്നാം പാദ ലാഭം മുൻവർഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമായപ്പോൾ ഷെവ്റോണിന്റേത് ഏകദേശം മൂന്നിരട്ടിയായി.
ഗൾഫ് മേഖലയിലെ എണ്ണ ശുദ്ധീകരണശാലകൾ വ്യാപകമായി തകർന്നതും റഷ്യൻ റിഫൈനറികൾക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണ ഭീഷണി നിലനിൽക്കുന്നതും അമേരിക്കൻ കമ്പനികൾക്ക് അനുകൂലമായി. ഇതിന്റെ പശ്ചാത്തലത്തിൽ വലേറോയും ഫിലിപ്സ് 66ഉം മൂന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ലാഭം രേഖപ്പെടുത്തി.
യൂറോപ്പിലെ എണ്ണക്കമ്പനികളും സമാനമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഷെൽ, ടോട്ടൽ എനർജീസ്, റെപ്സോൾ തുടങ്ങിയ കമ്പനികളുടെ കഴിഞ്ഞ പാദത്തിലെ വരുമാനം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇരട്ടിയിലധികമായി. എന്നാൽ യൂറോപ്പിൽ ഊർജവില റെക്കോർഡ് ഉയരത്തിലെത്തിയതോടെ ഇത്തരം കമ്പനികൾക്ക് അധിക നികുതി ചുമത്തണമെന്ന് ചില യൂറോപ്യൻ ധനമന്ത്രിമാർ ആവശ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കയിൽ പെട്രോൾ വില ഗാലന് 4.29 ഡോളറിലെത്തിയതായും റിപ്പോർട്ട് പറയുന്നു. യുക്രെയ്ൻ സംഘർഷം ആരംഭിച്ച ആദ്യ മാസങ്ങൾ ഒഴികെ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ നാലുവർഷത്തെ ഭരണകാലത്ത് ഇത്രയും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നില്ല. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ ഉയർന്ന ഇന്ധനവില നൽകേണ്ടിവരുന്നത് ചെറിയൊരു വില മാത്രമാണെന്നാണ് ട്രംപിന്റെ പ്രതികരണം. എന്നാൽ ഈ നിലപാടിനോട് വോട്ടർമാർക്ക് യോജിപ്പില്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.
അടുത്ത ആഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള തീരുമാനത്തെ പെട്രോൾ വില ‘വളരെ നിർണായകമായി’ സ്വാധീനിക്കുമെന്ന് 72 ശതമാനം പേർ ഗാലപ്പ് സർവേയിൽ പ്രതികരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി ഡെമോക്രാറ്റുകളേക്കാൾ എട്ട് മുതൽ ഒൻപത് വരെ പോയിന്റ് പിന്നിലാണെന്നും വിവിധ അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ധനവിലയിലെ ആഘാതം കുറയ്ക്കാൻ റഷ്യൻ ഡീസലിനുമേലുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്താനും ട്രംപ് ഭരണകൂടം ശ്രമിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് ഡീസൽ ടാങ്കറുകൾ റഷ്യൻ തുറമുഖങ്ങളിൽനിന്ന് അമേരിക്കയിലേക്ക് പുറപ്പെട്ടതായും റിപ്പോർട്ടിലുണ്ട്. റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയോട് ട്രംപ് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഈ നിർദേശങ്ങൾ അവഗണിച്ചതായും റിപ്പോർട്ട് പറയുന്നു.
