മോദിയെയും അമിത് ഷായെയും നിയമത്തിന് മുന്നിലെത്തിക്കും; രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാർ ജയിലിലാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാൻ രാജ്യം ഒറ്റക്കെട്ടായി പോരാടുമെന്നും എത്ര ശക്തരായാലും ഈ പോരാട്ടത്തെ തടയാനാകില്ലെന്നും രാഹുൽ വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വോട്ടർപട്ടികയിലും ഇവിഎമ്മിലും ക്രമക്കേടുകൾ നടന്നതായി രാഹുൽ ആരോപിച്ചു. 2024ന് ശേഷം 13 കോടി പേരെ വോട്ടർപട്ടികയിൽ നിന്ന് പുറത്താക്കിയെന്നും ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവാദികളായവർ നിയമത്തിന് മുന്നിൽ മറുപടി പറയേണ്ടിവരുമെന്നും കൂട്ടിച്ചേർത്തു.

ജുഡീഷ്യറി ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ആർഎസ്എസ് പിടിച്ചടക്കിയെന്നും രാജ്യത്തിന്റെ സമ്പത്ത് അദാനിക്കും അംബാനിക്കും കൈമാറുകയാണെന്നും രാഹുൽ ആരോപിച്ചു. വ്യവസായികൾക്ക് കോടികളുടെ ആനുകൂല്യങ്ങൾ നൽകിയ സർക്കാർ വിദ്യാഭ്യാസ മേഖലയുൾപ്പെടെ വിവിധ മേഖലകളെ തകർത്തുവെന്നും അദ്ദേഹം വിമർശിച്ചു. മോദിയെയും അമിത് ഷായെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിന് ഗ്യാനേഷ് കുമാറിനെ ആദ്യം സ്ഥാനത്തുനിന്ന് മാറ്റണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

അക്രമത്തിന്റെ വഴിയിലൂടെയല്ല, സമാധാനത്തിന്റെ പാതയിലൂടെയാണ് ഭരണഘടന സംരക്ഷിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജ്യത്തോട് വലിയ കുറ്റമാണ് ചെയ്തതെന്നും അതിന് ശിക്ഷ ലഭിക്കണമെന്നും രാഹുൽ പറഞ്ഞു. സ്നേഹത്തിന്റെ വഴിയിലൂടെ ലക്ഷ്യം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക