സിപിഐഎമ്മിൽ തിരുത്തൽ നടപടികൾ കടുപ്പിക്കുന്നു; 83 ചോദ്യങ്ങളുമായി കേന്ദ്ര നേതൃത്വത്തിന്റെ ആഭ്യന്തര സർവേ

സംഘടനാ ദൗർബല്യങ്ങളും തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും കണ്ടെത്തി തിരുത്തൽ നടപടികൾ ശക്തമാക്കാൻ സിപിഐഎം കേന്ദ്ര നേതൃത്വം. ഇതിന്റെ ഭാഗമായി സംസ്ഥാന നേതൃത്വത്തിൽ ആഭ്യന്തര സർവേ നടത്താൻ പാർട്ടി തീരുമാനിച്ചു. നേതാക്കളുടെ പ്രവർത്തനശൈലി, പ്രത്യയശാസ്ത്ര വ്യതിയാനങ്ങൾ, തീരുമാനങ്ങളിലെ വീഴ്ചകൾ, പാർലമെന്ററി വ്യാമോഹം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി 83 ചോദ്യങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സംസ്ഥാന ഘടകത്തിൽ കേന്ദ്ര നേതൃത്വം ഇടപെടൽ ശക്തമാക്കിയിരുന്നു. വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്നതും സംസ്ഥാന സെക്രട്ടേറിയറ്റിൽ മാറ്റങ്ങൾ വരുത്തിയതും ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ ഇത്തരം നടപടികൾ മാത്രം മതിയാകില്ലെന്ന വിലയിരുത്തലിലാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ചോദ്യാവലി തയ്യാറാക്കിയത്.

പാർട്ടി നേതാക്കൾക്കിടയിൽ പാർലമെന്ററി വ്യാമോഹം വർധിച്ചിട്ടുണ്ടോ, തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണ്, അധികാരകേന്ദ്രങ്ങളിലേക്ക് പാർട്ടി എത്തുന്ന രീതിയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മാറ്റമുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. ലഭിക്കുന്ന മറുപടികളുടെ അടിസ്ഥാനത്തിൽ കൂടുതൽ തിരുത്തൽ നടപടികളിലേക്ക് കടക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം.

അടുത്ത വർഷം അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിക്കാനിരിക്കെ, അതിന് മുമ്പ് സംഘടനയെ കൂടുതൽ അച്ചടക്കമുള്ള ചട്ടക്കൂടിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യം. പാർട്ടിയിൽ വ്യക്തികേന്ദ്രീകൃതമായ പ്രവർത്തനശൈലി നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കി സംഘടനാ സംവിധാനം ശക്തിപ്പെടുത്താനും പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക