കർണാടകയുടെ സാംസ്കാരിക സ്വത്വത്തിന്റെ പ്രതീകമായ ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള കന്നഡ പതാകയ്ക്ക് ഔദ്യോഗിക സംസ്ഥാന പതാക പദവി നൽകാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ഡിസംബറിൽ ബെലഗാവിയിൽ ചേരുന്ന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ വിഷയം ചർച്ചയ്ക്ക് കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
സർക്കാർ ഓഫീസുകളിലും സംസ്ഥാന സർക്കാരിന്റെ പിന്തുണയുള്ള സ്ഥാപനങ്ങളിലും കന്നഡ പതാക ഉയർത്തുന്നത് നിർബന്ധമാക്കുന്നതും പരിഗണനയിലുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ പതാക പ്രദർശിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്ന കാര്യവും സർക്കാർ പരിശോധിച്ചുവരികയാണെന്ന് 71-ാമത് കന്നഡ രാജ്യോത്സവാഘോഷത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ശിവകുമാർ പറഞ്ഞു.
ഇന്ത്യൻ ദേശീയ പതാകയ്ക്കൊപ്പം കന്നഡ പതാകയും ഉയർത്തുന്നതിന് ആവശ്യമായ നിയമപരമായ ചട്ടക്കൂട് സർക്കാർ തയ്യാറാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പതാകയുടെ ഉപയോഗം, പ്രദർശനത്തിനുള്ള മാനദണ്ഡങ്ങൾ, സുരക്ഷാ വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ ഇതിൽ ഉൾപ്പെടുത്തും. ബെലഗാവി സമ്മേളനത്തിൽ ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും ചർച്ചയ്ക്കായി വിഷയം അവതരിപ്പിക്കുമെന്നും പതാകയ്ക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് കന്നഡ പതാകയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകാനുള്ള പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് ശുപാർശ അയച്ചിരുന്നു. എന്നാൽ ഇതുവരെ കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചിട്ടില്ല. പുതിയ ശുപാർശകൾ സമർപ്പിക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ട്. കന്നഡ സ്വത്വം, സംസ്കാരം, ഐക്യം, സാമൂഹിക സമത്വം എന്നിവയുടെ പ്രതീകമാണ് ചുവപ്പും മഞ്ഞയും നിറങ്ങളിലുള്ള പതാകയെന്നും ഫെഡറൽ സംവിധാനത്തിനുള്ളിൽ കർണാടകയുടെ സവിശേഷമായ സ്വത്വം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കമെന്നും ശിവകുമാർ പറഞ്ഞു.
2018-ൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന് ഔദ്യോഗിക പതാക രൂപകൽപ്പന ചെയ്യാനുള്ള നിർദേശം അംഗീകരിച്ചിരുന്നു. മഞ്ഞ, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള മൂന്ന് തിരശ്ചീന വരകളും മധ്യത്തിൽ കർണാടകയുടെ ഔദ്യോഗിക ചിഹ്നമായ ഗന്ധഭേരുണ്ടയും ഉൾപ്പെട്ടതായിരുന്നു അന്നത്തെ രൂപകൽപ്പന. സംസ്ഥാനങ്ങൾക്ക് സ്വന്തമായി പതാകകൾ ഉണ്ടാകുന്നതിന് ഭരണഘടനാപരമായ വിലക്കില്ലെന്നായിരുന്നു അന്ന് സർക്കാർ ഉന്നയിച്ച വാദം. എന്നാൽ കേന്ദ്ര സർക്കാർ നിർദേശത്തിന് അംഗീകാരം നൽകിയിരുന്നില്ല.
