ജർമനിയിൽ നടന്ന ഹൈലോ ഓപ്പൺ 2026ലെ കിരീടനേട്ടത്തിന് പിന്നാലെ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന് ലോക റാങ്കിങ്ങിൽ വൻ മുന്നേറ്റം. പുതിയ ബി.ഡബ്ല്യു.എഫ് റാങ്കിങ് പട്ടികയിൽ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സിന്ധു ആറാം സ്ഥാനത്തെത്തി. 2022 ഒക്ടോബറിന് ശേഷം ആദ്യമായാണ് താരം ലോക റാങ്കിങ്ങിൽ ആദ്യ ആറിൽ ഇടംപിടിക്കുന്നത്. അന്ന് കുറച്ചുകാലം അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു.
ഹൈലോ ഓപ്പൺ ഫൈനലിൽ ഡെൻമാർക്കിന്റെ ലൈൻ ഹോജ്മാർക്ക് ക്ജേർസ്ഫെൽഡിനെ 21-12, 21-14 എന്ന സ്കോറിന് തോൽപ്പിച്ചാണ് സിന്ധു കിരീടം നേടിയത്. ഈ സീസണിലെ താരത്തിന്റെ രണ്ടാം കിരീടമാണിത്. നേരത്തെ ജപ്പാൻ ഓപ്പണിലും സിന്ധു ജേതാവായിരുന്നു. ഹൈലോ ഓപ്പണിലെ സൂപ്പർ 500 കിരീടനേട്ടത്തിലൂടെ 9,200 റാങ്കിങ് പോയിന്റുകൾ കൂടി സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു.
ഫ്രഞ്ച് ഓപ്പണിലെ മികച്ച പ്രകടനത്തിന് പിന്നാലെ കഴിഞ്ഞ ആഴ്ച സിന്ധു ആദ്യ പത്തിൽ തിരിച്ചെത്തിയിരുന്നു. അന്ന് മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാമതെത്തിയ താരം ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ആൻ സെ യങ്ങിനോട് പരാജയപ്പെട്ടു. തുടർച്ചയായ മികച്ച പ്രകടനങ്ങളാണ് ഇപ്പോൾ ആറാം സ്ഥാനത്തേക്കുള്ള മുന്നേറ്റത്തിന് വഴിയൊരുക്കിയത്.
വനിതാ സിംഗിൾസിൽ ഇന്ത്യയുടെ തൻവി ശർമ ഒരു സ്ഥാനം മെച്ചപ്പെടുത്തി 21-ാം സ്ഥാനത്തെത്തി. ഉന്നതി ഹൂഡ രണ്ട് സ്ഥാനങ്ങൾ താഴ്ന്ന് 23-ാം സ്ഥാനത്താണ്. പുരുഷ സിംഗിൾസിൽ ഹൈലോ ഓപ്പൺ കിരീടം നേടിയ ലക്ഷ്യ സെൻ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13-ാം റാങ്കിലെത്തി.
