എസ്ബിഐയുടെ ലാഭം 14.3 ശതമാനം ഉയർന്നു; അറ്റാദായം 23,038 കോടി രൂപ

2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (ജൂലൈ–സെപ്റ്റംബർ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) അറ്റാദായത്തിൽ 14.3 ശതമാനം വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിലെ 20,160 കോടി രൂപയിൽ നിന്ന് അറ്റാദായം 23,038 കോടി രൂപയായി ഉയർന്നതായി ബാങ്ക് ഓഹരി വിപണിക്ക് നൽകിയ റിപ്പോർട്ടിൽ അറിയിച്ചു.

ബാങ്കിന്റെ പ്രധാന വരുമാന സ്രോതസ്സായ അറ്റ പലിശ വരുമാനത്തിൽ (എൻഐഐ) 15 ശതമാനം വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ 42,847 കോടി രൂപയിൽ നിന്ന് ഇത് 49,143 കോടി രൂപയായി ഉയർന്നു. അതേസമയം, പ്രവർത്തന ലാഭം 1.4 ശതമാനം കുറഞ്ഞ് 26,937 കോടി രൂപയായി. മുൻവർഷം ഇതേ പാദത്തിൽ 27,311 കോടി രൂപയായിരുന്നു പ്രവർത്തന ലാഭം. ഒറ്റത്തവണയായി ലഭിച്ച 7,288 കോടി രൂപയുടെ നേട്ടവും അറ്റാദായ വർധനയ്ക്ക് സഹായകമായി.

ബാങ്കിന്റെ വായ്പാ നഷ്ടങ്ങൾക്കായി മാറ്റിവെക്കുന്ന തുകയിലും കുറവുണ്ടായി. മുൻവർഷത്തെ 5,400 കോടി രൂപയിൽ നിന്ന് പ്രൊവിഷനുകൾ 4,217 കോടി രൂപയായി കുറഞ്ഞു. ജൂൺ പാദത്തിൽ ഇത് 5,047 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആസ്തി നിലവാരത്തിലും പുരോഗതിയുണ്ടായി. മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം 1.47 ശതമാനത്തിൽ നിന്ന് 1.39 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.38 ശതമാനത്തിൽ നിന്ന് 0.36 ശതമാനമായും താഴ്ന്നു.

അവലോകന പാദത്തിൽ സ്ലിപ്പേജ് അനുപാതം 0.50 ശതമാനവും ആഭ്യന്തര അറ്റ പലിശ മാർജിൻ 3.11 ശതമാനവുമാണ്. സാമ്പത്തിക ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ എസ്ബിഐ ഓഹരികൾ 0.73 ശതമാനം ഇടിഞ്ഞ് 979.75 രൂപയിലെത്തി. അതേസമയം, സെൻസെക്സ് 1.25 ശതമാനം ഉയർന്ന് 76,641 നിലവാരത്തിലായിരുന്നു വ്യാപാരം.

മറുപടി രേഖപ്പെടുത്തുക