കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയുടെ ആദ്യ വനിതാ പ്രസിഡന്റായി ഇലിയാന യോട്ടോവ തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ പാശ്ചാത്യ അനുകൂലിയും യുക്രെയ്ൻ പിന്തുണക്കാരനുമായ ആൻഡ്രി ഗ്യൂറോവിനെക്കാൾ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് 61കാരിയായ യോട്ടോവ വിജയിച്ചത്. യോട്ടോവയ്ക്ക് 57.6 ശതമാനം വോട്ട് ലഭിച്ചപ്പോൾ മുൻ കാവൽ പ്രധാനമന്ത്രിയായ ഗ്യൂറോവിന് 39.5 ശതമാനം വോട്ടാണ് ലഭിച്ചത്.
പ്രധാനമന്ത്രി റുമെൻ റാദേവിനും ഭരണകക്ഷിയായ പ്രോഗ്രസീവ് ബൾഗേറിയ പാർട്ടിക്കും യോട്ടോവയുടെ വിജയം രാഷ്ട്രീയ കരുത്തേകുമെന്നാണ് വിലയിരുത്തൽ. മുൻ യൂറോപ്യൻ പാർലമെന്റ് അംഗമായ യോട്ടോവ, റാദേവ് രാജിവച്ച് പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചതിനെത്തുടർന്ന് ജനുവരിയിൽ ആക്ടിങ് പ്രസിഡന്റായി ചുമതലയേറ്റിരുന്നു.
സെപ്റ്റംബർ 25ന് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ യോട്ടോവയ്ക്കായിരുന്നു മുൻതൂക്കം. ആദ്യഘട്ടത്തിൽ 44.5 ശതമാനം പിന്തുണയുമായി മുന്നിലെത്തിയ അവർക്ക് 34.8 ശതമാനം വോട്ടാണ് ലഭിച്ചത്. ഗ്യൂറോവിന് 31.95 ശതമാനം വോട്ട് ലഭിച്ചതോടെ മത്സരം രണ്ടാംഘട്ടത്തിലേക്ക് നീളുകയായിരുന്നു. യൂറോപ്യൻ അനുകൂല, പരിഷ്കരണവാദി പാർട്ടികളുടെ പിന്തുണയോടെയാണ് ഗ്യൂറോവ് രണ്ടാംഘട്ടത്തിൽ മത്സരിച്ചത്.
റഷ്യ-യുക്രെയ്ൻ യുദ്ധം സംബന്ധിച്ച നിലപാടുകളാണ് തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായത്. യുദ്ധത്തിന് നയതന്ത്രപരമായ പരിഹാരം വേണമെന്നാണ് റാദേവിന്റെയും യോട്ടോവിന്റെയും നിലപാട്. യുക്രെയ്നിലേക്കുള്ള സൈനിക സഹായം വർധിപ്പിക്കുന്നത് സംഘർഷം അവസാനിപ്പിക്കില്ലെന്നും മറിച്ച് നാശനഷ്ടങ്ങളും മരണങ്ങളും കൂട്ടുമെന്നും യോട്ടോവ അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, യുക്രെയ്നുമായി കൂടുതൽ സുരക്ഷാ സഹകരണം വേണമെന്നാണ് ഗ്യൂറോവിന്റെ നിലപാട്. സമാധാന ചർച്ചകൾക്ക് മുമ്പ് റഷ്യ സൈനിക നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ സുരക്ഷയ്ക്ക് റഷ്യ ഭീഷണിയാണെന്ന് ആരോപിച്ച ഗ്യൂറോവ്, യുക്രെയ്നിലേക്ക് ബൾഗേറിയൻ സൈന്യത്തെ അയക്കുന്നതിനെ പിന്തുണച്ചില്ല.
തിരഞ്ഞെടുപ്പിന് പിന്നാലെ യോട്ടോവ വോട്ടർമാർക്കും പ്രധാനമന്ത്രി റുമെൻ റാദേവിനും പ്രോഗ്രസീവ് ബൾഗേറിയ പാർട്ടിക്കും നന്ദി അറിയിച്ചു. മേയിൽ അധികാരമേറ്റ റാദേവ് യുക്രെയ്നിലേക്കുള്ള ആയുധവിതരണം നിർത്തുകയും റഷ്യയുമായുള്ള സമാധാന കരാറിന് പിന്നാലെ യുക്രെയ്ന് സുരക്ഷാ ഉറപ്പുകൾ നൽകാൻ ബ്രിട്ടന്റെയും ഫ്രാൻസിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ‘കോയലിഷൻ ഓഫ് ദ വില്ലിങ്’ കൂട്ടായ്മയിൽനിന്ന് ബൾഗേറിയയെ പിൻവലിക്കുകയും ചെയ്തിരുന്നു.
ബൾഗേറിയയുടെ കരിങ്കടൽ തീരത്തിന് സമീപം കഴിഞ്ഞ ഒരു മാസത്തിനിടെ വ്യാപാരക്കപ്പലുകൾക്കുനേരെ നടന്ന ഡ്രോൺ ആക്രമണങ്ങളും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആശങ്കയുയർത്തി. ആക്രമണങ്ങളിൽ കുറഞ്ഞത് 24 നാവികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തിന്റെ വ്യാപ്തി കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുന്നതിനെക്കുറിച്ചും രാജ്യാന്തര തലത്തിൽ ആശങ്ക ശക്തമാണ്. നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗമാണ് ബൾഗേറിയ.
