ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ മറുപടിയുമായി ഡിവൈഎഫ്ഐ; നിയമപരമായി നേരിടുമെന്ന് അടൂർ ബ്ലോക്ക് കമ്മിറ്റി

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ശക്തമായ പ്രതികരണവുമായി ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി. ‘ഡിവൈഎഫ്ഐ അടൂർ ബിസി’ എന്ന ഫേസ്ബുക്ക് പേജിനെതിരെ ശ്രീനാദേവി പരാതി നൽകിയതിന് പിന്നാലെയാണ് സംഘടന വിശദീകരണവുമായി രംഗത്തെത്തിയത്. തങ്ങൾക്കെതിരെ നിരന്തരം സംസാരിക്കുന്നവരെ വ്യക്തിഹത്യ ചെയ്യാനും പൊലീസിനെ ഉപയോഗിച്ച് കേസെടുത്ത് വായ മൂടിക്കെട്ടാനുമാണ് ശ്രമമെങ്കിൽ അതിനെ നിയമപരമായി നേരിടുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

ശ്രീനാദേവി ക്രിമിനലാണെന്നും വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള ആരോപണങ്ങളടങ്ങിയ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചിരുന്നു. ഇത് ഡിവൈഎഫ്ഐ മനഃപൂർവം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് ശ്രീനാദേവി പരാതി നൽകിയത്. എന്നാൽ വീഡിയോ തങ്ങൾ നിർമിച്ചതല്ലെന്നും വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ ലഭ്യമായതാണെന്നുമാണ് സംഘടനയുടെ വിശദീകരണം. വീഡിയോ പങ്കുവച്ചതാണോ കുറ്റമെന്നും ഡിവൈഎഫ്ഐ ചോദിച്ചു.

വർഷങ്ങളായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ഒരു കോൺഗ്രസ് അംഗം ഉൾപ്പെടെ സംസാരിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ സംഘടന ചൂണ്ടിക്കാട്ടി. ഇപ്പോഴും പ്രദേശത്തെ നാട്ടുകാർ ശ്രീനാദേവിക്കെതിരെ പ്രതികരിക്കാൻ തയ്യാറാണെന്നും കുറിപ്പിൽ അവകാശപ്പെടുന്നു. വീഡിയോ തെറ്റാണെന്ന് വാദിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെ നിലപാടിനെയും ഡിവൈഎഫ്ഐ വിമർശിച്ചു.

ഒരു ജനപ്രതിനിധി ഉപയോഗിക്കാൻ പാടില്ലാത്ത തരത്തിൽ നികൃഷ്ടമായ വാക്കുകൾ പ്രയോഗിച്ച് പ്രതികരിച്ചപ്പോഴൊന്നും ലഭിക്കാത്ത പ്രത്യേക പരിഗണന ഇപ്പോൾ എന്തിനാണെന്നും സംഘടന ചോദിച്ചു. തങ്ങളോട് എങ്ങനെ പെരുമാറുന്നുവോ അതേ രീതിയിൽ തിരിച്ചും പ്രതികരിക്കുമെന്നും ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക