ഇറാനിൽ ഒരു ആണവ ആക്രമണം ഉണ്ടായാൽ ഇന്ത്യയും അപകടത്തിലാകുമോ ? റേഡിയേഷൻ എത്രത്തോളം എത്തും?

ഇറാനെതിരെ അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കുമോ, അത്തരമൊരു ആക്രമണത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുമോ എന്ന ചർച്ചകൾ അന്താരാഷ്ട്രതലത്തിൽ ആശങ്കയുയർത്തുന്നു. ഇറാനിലെ പിക്കാക്സ് പർവതത്തിന് നേരെ ആണവാക്രമണം ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങളാണ് പുതിയ ചർച്ചകൾക്ക് വഴിവച്ചത്. അത്തരമൊരു സ്ഫോടനമുണ്ടായാൽ പുറത്തുവരുന്ന റേഡിയോ ആക്ടീവ് വികിരണം പാകിസ്ഥാൻ വഴി വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും എത്താൻ സാധ്യതയുണ്ടെന്നാണ് ചില വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാൽ ഇത് സ്ഫോടനത്തിന്റെ തീവ്രത, കാറ്റിന്റെ ദിശ, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നും അവർ വ്യക്തമാക്കുന്നു.

നടാൻസിന് സമീപം തന്ത്രപ്രധാന കേന്ദ്രം

ഇറാനിലെ നടാൻസ് ആണവ കേന്ദ്രത്തിന് സമീപമാണ് പിക്കാക്സ് പർവതം. പർവതത്തിനുള്ളിൽ ഏകദേശം 100 മീറ്റർ ആഴത്തിൽ വലിയ തുരങ്ക സമുച്ചയമുണ്ടെന്നാണ് വിലയിരുത്തൽ. ഇറാന്റെ ആണവ സമ്പുഷ്ടീകരണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നുണ്ടെന്ന സംശയവും നിലനിൽക്കുന്നു. ഈ മേഖല ലക്ഷ്യമിടേണ്ടിവരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തേ പലതവണ സൂചിപ്പിച്ചിരുന്നു. ആവശ്യമെങ്കിൽ ഒരു മണിക്കൂറിനുള്ളിൽ ആക്രമണം നടത്താൻ കഴിയുമെന്നും അദ്ദേഹം അടുത്തിടെ പ്രസ്താവിച്ചിരുന്നു.

ആണവാക്രമണ അഭ്യൂഹവുമായി ടക്കർ കാൾസൺ

മുൻ ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസൺ നടത്തിയ പരാമർശങ്ങളും ആശങ്കകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദത്തിന് വഴങ്ങി ട്രംപ് ഇറാനെതിരെ ആണവാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് കാൾസന്റെ ആരോപണം. നവംബർ ഏഴിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഈ വാദങ്ങൾക്ക് തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. ആണവായുധങ്ങൾ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നതായി അമേരിക്കൻ സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ആണവായുധങ്ങളുടെ ഉപയോഗം ആവശ്യമില്ലെന്ന് ട്രംപ് തന്നെ നേരത്തേ വ്യക്തമാക്കിയിരുന്നു.

വികിരണം ഇന്ത്യയിലേക്കും എത്തുമോ?

പിക്കാക്സ് പർവതത്തിൽ ആണവ സ്ഫോടനം ഉണ്ടായാൽ പുറത്തുവരുന്ന റേഡിയോ ആക്ടീവ് വസ്തുക്കൾ കാറ്റിന്റെ ദിശയനുസരിച്ച് പാകിസ്ഥാനിലേക്കും തുടർന്ന് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പ്രതിരോധ വിദഗ്ധൻ സന്ദീപ് ഉണ്ണിത്താൻ വിശദീകരിക്കുന്നു. പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ചെറിയ അളവിൽ വികിരണം എത്തിയേക്കാമെന്നാണ് ചില കണക്കുകൂട്ടലുകൾ. എന്നാൽ സ്ഫോടനകേന്ദ്രത്തിൽനിന്നുള്ള ദൂരം കൂടുന്നതിനനുസരിച്ച് വികിരണത്തിന്റെ തീവ്രത കുറയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ റേഡിയോ ആക്ടീവ് കണികകൾ പ്രാദേശികമായി അടിഞ്ഞുകൂടാനുള്ള സാധ്യതയുമുണ്ട്.

പശ്ചിമേഷ്യയ്ക്കും ആഗോളതലത്തിലും പ്രത്യാഘാതം

ഇറാനിൽ ആണവാക്രമണം ഉണ്ടായാൽ അതിന്റെ പ്രത്യാഘാതങ്ങൾ ആ രാജ്യത്ത് മാത്രം ഒതുങ്ങില്ലെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. പേർഷ്യൻ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങളെയും പരിസ്ഥിതിയെയും ജനജീവിതത്തെയും ഇത് ബാധിച്ചേക്കാം. അന്താരാഷ്ട്രതലത്തിൽ ഗുരുതരമായ രാഷ്ട്രീയ, സുരക്ഷാ, പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കും ആണവാക്രമണം വഴിവെക്കും.

അതേസമയം, ഇറാനെതിരെ ആണവായുധം പ്രയോഗിക്കാൻ അമേരിക്ക തീരുമാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ല. പിക്കാക്സ് പർവതത്തെ ലക്ഷ്യമിട്ടുള്ള ആക്രമണവും ഇന്ത്യയിലേക്കുള്ള വികിരണ വ്യാപനവും നിലവിൽ സാധ്യതകളെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ മാത്രമാണ്.

മറുപടി രേഖപ്പെടുത്തുക