സോനം വാങ്ചുക്കിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിന് നോട്ടീസ്; പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ലഡാക്ക് ഭരണകൂടം

പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനമായ ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ് ലഡാക്കിന്റെ (HIAL) പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലഡാക്ക് ഭരണകൂടം നോട്ടീസ് അയച്ചു. ആവശ്യമായ അനുമതികളും ഔദ്യോഗിക അംഗീകാരവുമില്ലാതെയാണ് സ്ഥാപനം പ്രവർത്തനം ആരംഭിച്ചതെന്നാണ് അധികൃതരുടെ ആരോപണം.

സ്ഥാപനത്തിന്റെ സ്ഥാപകയും സി.ഇ.ഒയുമായ സോനം വാങ്ചുക്കിന്റെ ഭാര്യ ഡോ. ഗീതാഞ്ജലി ജെ. ആങ്‌മോയ്ക്കാണ് ലേ തഹസിൽദാർ നോട്ടീസ് നൽകിയത്. ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും ഉടൻ നിർത്തിവയ്ക്കണമെന്നും കോടതിയിൽ നിലവിലുള്ള കേസിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളോ പരിപാടികളോ നടത്തരുതെന്നും നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്.

സ്ഥാപനത്തിന് അനുവദിച്ച ഭൂമി റദ്ദാക്കിയ ഭരണകൂട നടപടിക്കെതിരായ കേസ് ജമ്മു കശ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തെ ബാധിക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും നിലവിലെ സ്ഥിതിഗതികൾ കർശനമായി പാലിക്കണമെന്നും അധികൃതർ നോട്ടീസിൽ ആവശ്യപ്പെട്ടു.

സ്ഥാപനത്തിന് കീഴിലുള്ള ഫ്യാംങ് പ്രദേശത്തെ ഡെസേർട്ട് ഫ്ലവർ സ്കൂളിന്റെ മാനേജിംഗ് കമ്മിറ്റിയിലേക്ക് നിർദേശിക്കപ്പെട്ട അംഗങ്ങൾക്കായി എൻ.ഒ.സി തേടി ഗീതാഞ്ജലി ആങ്‌മോ കഴിഞ്ഞ സെപ്റ്റംബർ 22ന് ലേ ഡെപ്യൂട്ടി കമ്മീഷണർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പുതന്നെ സ്കൂളിൽ ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചെന്നാണ് ഭരണകൂടത്തിന്റെ ആരോപണം. അനുമതിയില്ലാതെ പ്രവർത്തനം തുടങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക