വിഭജന രാഷ്ട്രീയത്തിന് പകരം ജനങ്ങളെ ഒന്നിപ്പിക്കുകയും അവർ നേരിടുന്ന വെല്ലുവിളികൾക്ക് കൃത്യമായ പരിഹാരം കാണുകയും ചെയ്യുന്ന രാഷ്ട്രീയമാണ് അമേരിക്കൻ ജനത ആഗ്രഹിക്കുന്നതെന്ന് മുൻ യു.എസ് പ്രസിഡന്റ് ബറാക് ഒബാമ. 2026ലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പരാജയസാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്ന മേഖലകളിൽ പോലും മികച്ച സ്ഥാനാർഥികൾ മുന്നോട്ടുവന്നതാണ് തെരഞ്ഞെടുപ്പിൽ നിർണായകമായതെന്ന് ഒബാമ ചൂണ്ടിക്കാട്ടി. വ്യത്യസ്ത പശ്ചാത്തലങ്ങളിൽനിന്നും രാഷ്ട്രീയ കാഴ്ചപ്പാടുകളിൽനിന്നും വന്നവരായിരുന്നിട്ടും പൊതുസേവനത്തിലുള്ള വിശ്വാസവും സ്വന്തം പ്രദേശങ്ങളിലെ ജനങ്ങൾക്ക് മുൻഗണന നൽകുമെന്ന പ്രതിബദ്ധതയുമാണ് അവരെ ഒന്നിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് നടപടികൾ സുഗമമായി നടത്താൻ പ്രവർത്തിച്ച ഇരുപാർട്ടികളിലെയും ആയിരക്കണക്കിന് ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും ഒബാമ നന്ദി അറിയിച്ചു. ജനാധിപത്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളിലൊന്നാണ് അവർ നിർവഹിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഭരണകൂടത്തിന് ഇനി രണ്ട് വർഷത്തെ കാലാവധി കൂടിയുണ്ടെന്ന് ഓർമിപ്പിച്ച ഒബാമ, മാറ്റങ്ങൾക്കായി കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ട സമയമാണിതെന്നും പറഞ്ഞു. കൂടുതൽ നാശനഷ്ടങ്ങൾ തടയുന്നതിനും ഭാവിയിലേക്കുള്ള അടിത്തറ ഒരുക്കുന്നതിനും മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന എല്ലാ മേഖലകളിലും ശ്രമം തുടരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
