തെഹൽക്കയുടെ 100 ശതമാനം ഓഹരികളും ഏറ്റെടുത്ത് സൺമാർഗ് ഗ്രൂപ്പ്

പ്രശസ്ത അന്വേഷണാത്മക മാധ്യമസ്ഥാപനമായ തെഹൽക്കയുടെ മുഴുവൻ ഓഹരികളും ഏറ്റെടുത്ത് ഹിന്ദി പത്രമായ സൺമാർഗിന്റെ പ്രസാധകരായ സൺമാർഗ് പ്രൈവറ്റ് ലിമിറ്റഡ്. തെഹൽക്ക ഡോട്ട് കോം പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുത്തതായി കമ്പനി അറിയിച്ചു. ഇതോടെ മാഗസിൻ, ഡിജിറ്റൽ മാധ്യമ മേഖലകളിലേക്കും സൺമാർഗ് ഗ്രൂപ്പ് പ്രവേശിച്ചു.

2017ൽ തെഹൽക്ക ഏറ്റെടുത്ത നിക്ഷേപക സംഘത്തിൽനിന്നാണ് പുതിയ ഉടമസ്ഥർ ഓഹരികൾ സ്വന്തമാക്കിയത്. നിലവിൽ രണ്ടാഴ്ചയിലൊരിക്കൽ പ്രസിദ്ധീകരിക്കുന്ന മാസികയെ വാരികയാക്കി മാറ്റാനും കൂടുതൽ നിക്ഷേപം നടത്താനും പദ്ധതിയുണ്ട്. മുതിർന്ന മാധ്യമപ്രവർത്തകൻ അരവിന്ദ് ചതുർവേദിയെ പുതിയ ചീഫ് എഡിറ്ററായി നിയമിച്ചു. മുൻ എഡിറ്റർ തരുൺ തേജ്പാലിന് സ്ഥാപനവുമായോ പ്രവർത്തനങ്ങളുമായോ ബന്ധമില്ലെന്നും കമ്പനി വ്യക്തമാക്കി.

ഈ വർഷം ഒക്ടോബറിൽ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. തെഹൽക്കയുടെ പഴയ വ്യവഹാരങ്ങളുടെയും മറ്റ് ബാധ്യതകളുടെയും ഉത്തരവാദിത്തം മുൻ ഉടമയായ അനന്ത് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുമെന്ന് കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. ആജീവനാന്ത വരിക്കാർക്ക് അച്ചടി, ഡിജിറ്റൽ പതിപ്പുകൾ തുടർന്നും ലഭിക്കുമെന്നും സൺമാർഗ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക