‘ചലോ ദില്ലി’ റാലിയിൽ പങ്കെടുത്തില്ല; മധ്യപ്രദേശിൽ 60 യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ‘ചലോ ദില്ലി’ പ്രതിഷേധത്തിൽ പങ്കെടുക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിൽ 60 യൂത്ത് കോൺഗ്രസ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. ഒമ്പത് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടി. സംഘടനാപരമായ അച്ചടക്കലംഘനമാണ് സസ്‌പെൻഷന് കാരണമായി പാർട്ടി ചൂണ്ടിക്കാട്ടുന്നത്.

സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഒമ്പത് ജില്ലാ പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 14 ജനറൽ സെക്രട്ടറിമാർ, 32 സെക്രട്ടറിമാർ എന്നിവരുണ്ട്. വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) ഡൽഹിയിൽ നടന്ന റാലിയിൽ പങ്കെടുക്കാൻ പാർട്ടി ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇവർ വിട്ടുനിന്നതാണ് നടപടിക്ക് കാരണമായത്.

അതേസമയം, കൂട്ട സസ്‌പെൻഷനെതിരെ പാർട്ടിക്കുള്ളിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നടപടി സ്വീകരിക്കുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകിയില്ലെന്നാണ് സസ്‌പെൻഷൻ നേരിട്ട നേതാക്കളുടെ പരാതി. സംഘടനാ അച്ചടക്കം ഉറപ്പാക്കാനും നേതൃത്വത്തിന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് നടപടിയെന്നാണ് പാർട്ടി വിശദീകരണം.

മറുപടി രേഖപ്പെടുത്തുക