എയ്ഡഡ്, സ്വയംഭരണ കോളേജുകളിൽ പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നിർബന്ധമല്ലെന്ന ഉത്തരവിനെ ന്യായീകരിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ സർക്കാരിന്റെ അനുമതി തേടേണ്ട സാഹചര്യം കേരളത്തിൽ മാത്രമാണുള്ളതെന്നും ഇത് നടപടികൾക്ക് വലിയ കാലതാമസമുണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
സർക്കാർ എൻ.ഒ.സി നിർബന്ധമാക്കുന്നത് സർവകലാശാലകളുടെ അക്കാദമിക് സ്വയംഭരണത്തെ അട്ടിമറിക്കുന്ന നടപടിയാണെന്നാണ് മന്ത്രിയുടെ വാദം. അതിനാലാണ് സർക്കാരിന്റെ അനുമതിക്ക് പകരം സർവകലാശാലയുടെ അംഗീകാരം മാത്രം മതിയെന്ന തീരുമാനമെടുത്തത്. അക്കാദമിക് സ്വയംഭരണം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്ത കോഴ്സുകൾ ആരംഭിക്കുന്നതിൽ അഴിമതി നടക്കുമെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തെയും മന്ത്രി തള്ളി. മുമ്പ് അഴിമതി നടത്തി ശീലമുള്ളതുകൊണ്ടാണ് ചിലർക്ക് അത്തരമൊരു സംശയമുണ്ടാകുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അതേസമയം, പുതിയ ഉത്തരവ് സർക്കാർ കോളേജുകൾക്ക് ബാധകമല്ലെന്നും സർക്കാർ, എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ മുൻകൂർ അനുമതി നിർബന്ധമാണെന്നും മന്ത്രി വിശദീകരിച്ചു. യു.ജി.സി മാർഗനിർദേശങ്ങൾ പ്രകാരം അക്കാദമിക് മികവിന്റെ അടിസ്ഥാനത്തിലാണ് കോളേജുകൾക്ക് സ്വയംഭരണ പദവി നൽകുന്നത്. ഉന്നതവിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കി കേരളത്തിൽ തന്നെ പഠനസൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത കോഴ്സുകൾ പുനഃക്രമീകരിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് കൂടുതൽ താൽപ്പര്യമുള്ള പഠനമേഖലകൾ ലഭ്യമാക്കാനാകുമെന്നും മെറിറ്റ് സീറ്റുകളിലും സംവരണ തത്വങ്ങളിലും മാറ്റമുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.
സ്വയംഭരണ കോളേജ് മാനേജ്മെന്റുകൾക്ക് പുതിയ സ്വാശ്രയ കോഴ്സുകൾ ആരംഭിക്കാൻ സർക്കാർ എൻ.ഒ.സി വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയാണ് നേരത്തെ ഉത്തരവിറക്കിയത്. പകരം, കോഴ്സുകൾ ആരംഭിക്കുന്ന വിവരം സർക്കാരിനെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥയാണ് കൊണ്ടുവന്നിരിക്കുന്നത്.
