വിദ്യാഭ്യാസ മന്ത്രി ബിജെപി നീക്കങ്ങൾക്ക് കൂട്ടുനിൽക്കുന്നു; സ്വാശ്രയ കോഴ്‌സ് ഉത്തരവിനെതിരെ എം.എ. ബേബി

സംസ്ഥാന സർക്കാർ അനുമതിയില്ലാതെ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ സ്വയംഭരണ കോളേജ് മാനേജ്‌മെന്റുകൾക്ക് അനുമതി നൽകിയ യുഡിഎഫ് സർക്കാരിന്റെ നടപടിക്കെതിരെ വിമർശനവുമായി സിപിഐഎം നേതാവ് എം.എ. ബേബി. വിദ്യാഭ്യാസ മേഖലയെ സ്വകാര്യ വിദ്യാഭ്യാസ കച്ചവടക്കാർക്ക് കൈമാറാനുള്ള ബിജെപി നീക്കങ്ങൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാർ വിദ്യാഭ്യാസ വിരുദ്ധ നയങ്ങളാണ് നടപ്പാക്കുന്നതെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.

പുതിയ സ്വാശ്രയ കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാരിന്റെ എൻ.ഒ.സി ആവശ്യമില്ലെന്നും പകരം സർക്കാരിനെ വിവരം അറിയിച്ചാൽ മതിയെന്നുമാണ് പുതിയ ഉത്തരവിലെ വ്യവസ്ഥ. സ്വാശ്രയ സ്വയംഭരണ കോളേജ് പ്രതിനിധികൾ ഉന്നതവിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സർക്കാർ അനുകൂല തീരുമാനമെടുത്തത്.

ഉത്തരവിനെ ന്യായീകരിച്ച് മന്ത്രി റോജി എം. ജോണും നേരത്തെ രംഗത്തെത്തിയിരുന്നു. സ്വയംഭരണ കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കാൻ സർക്കാർ അനുമതി നിർബന്ധമാക്കുന്ന രീതി കേരളത്തിൽ മാത്രമാണുള്ളതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

അതേസമയം, മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവും ഉത്തരവിനെതിരെ രംഗത്തെത്തിയിരുന്നു. ബിജെപി–ആർഎസ്എസ് നടപ്പാക്കുന്ന വിദ്യാഭ്യാസ നയങ്ങൾ അതേപടി കേരളത്തിലും നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ആർ. ബിന്ദുവിന്റെ വിമർശനം.

മറുപടി രേഖപ്പെടുത്തുക