അമേരിക്കൻ ആക്രമണ ഭീഷണി; ആണവ നിലയങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ

അമേരിക്കയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ആണവ കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവർക്ക് അയഡിൻ ഗുളികകൾ വിതരണം ചെയ്ത് ഇറാൻ. ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക സൈനിക ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയ്ക്കിടെയാണ് ഇറാന്റെ മുൻകരുതൽ നടപടി. ആണവ അപകടമുണ്ടായാൽ പുറത്തുവരുന്ന റേഡിയോ ആക്ടീവ് അയോഡിനിൽ നിന്ന് തൈറോയ്ഡ് ഗ്രന്ഥിയെ സംരക്ഷിക്കാനാണ് ഈ ഗുളികകൾ ഉപയോഗിക്കുന്നത്.

ലണ്ടൻ ആസ്ഥാനമായുള്ള ‘ദി ടൈംസ്’ പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഇറാനിയൻ ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആണവ കേന്ദ്രങ്ങളുടെ രണ്ട് മുതൽ മൂന്ന് കിലോമീറ്റർ വരെയുള്ള ചുറ്റളവിൽ ഗുളികകൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. യുദ്ധസാഹചര്യങ്ങളിൽ സ്വീകരിക്കുന്ന സാധാരണ മുൻകരുതൽ നടപടിയാണിതെന്നും അദ്ദേഹം വിശദീകരിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇനി വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം ആക്രമണത്തിന് മുതിർന്നേക്കാമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, ഇറാന്റെ ആണവ പദ്ധതി പൂർണമായി തകർക്കുന്നതിനായി കൂടുതൽ സൈനിക നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ ഉദ്യോഗസ്ഥർ ചർച്ച നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. അതീവ സുരക്ഷയുള്ള ‘പീക്ക് മൗണ്ടൻ’ ആണവ കേന്ദ്രത്തെ ലക്ഷ്യമിടാനുള്ള സാധ്യതയും ചർച്ചയിലുണ്ടെന്നാണ് വിവരം. ആക്രമണം പുനരാരംഭിക്കുന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന ട്രംപിന്റെ പ്രസ്താവനകളും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള മുൻ സൈനിക ആക്രമണങ്ങളുടെയും പ്രത്യാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ പുതിയ നീക്കങ്ങൾ അന്താരാഷ്ട്രതലത്തിൽ ആശങ്കയുണ്ടാക്കുകയാണ്. ആണവ കേന്ദ്രങ്ങൾക്ക് സമീപം അയഡിൻ ഗുളികകൾ വിതരണം ചെയ്യുന്നത് ആക്രമണ സാധ്യത മുന്നിൽക്കണ്ട് ഇറാൻ മുൻകരുതലുകൾ ശക്തമാക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക