മന്ത്രിസഭയിലെ ഒരാളെ കെപിസിസി പ്രസിഡന്റാക്കേണ്ട സാഹചര്യം നിലവിൽ കോൺഗ്രസിലില്ലെന്ന് മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയുടെ നേതൃത്വത്തിൽ ആളുകൾക്ക് ക്ഷാമമില്ലെന്നും കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി മന്ത്രിമാരുടെ വകുപ്പുകളിൽ ഇടപെടുന്നുവെന്ന തരത്തിലുള്ള പരാതികളൊന്നും കേട്ടിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ മാത്രമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെപിസിസി പുനഃസംഘടന വൈകുന്നതിനെതിരെ നേരത്തെയും മുല്ലപ്പള്ളി പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രസിഡന്റില്ലാത്തതിനാൽ കോൺഗ്രസിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലാണെന്നും പാർട്ടി അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
