1998 KY26 എന്ന ചെറിയ ഛിന്നഗ്രഹത്തിന്റെ അസാധാരണ വേഗതയും സഞ്ചാരപാതയിലെ വ്യതിയാനങ്ങളും ശാസ്ത്രലോകത്ത് കൗതുകമുണർത്തുന്നു. കേവലം 11 മീറ്റർ വീതിയുള്ള ഈ ബഹിരാകാശ ശില ഓരോ 5.35 മിനിറ്റിലും ഒരു ഭ്രമണം പൂർത്തിയാക്കുന്നുണ്ട്. സാധാരണ ഗുരുത്വാകർഷണ വ്യതിയാനങ്ങൾ കൊണ്ട് ഇതിന്റെ വേഗതയിലെ മാറ്റങ്ങൾ വിശദീകരിക്കാനാകാത്തതാണ് ഗവേഷകരെ കുഴക്കുന്നത്.
ഛിന്നഗ്രഹത്തിലെ മഞ്ഞ് ചൂടേറ്റ് വാതകമായി പുറത്തുപോകുന്നതാണ് വേഗത വർധിക്കാനുള്ള ഒരു സാധ്യതയെങ്കിലും ഉയർന്ന ഉപരിതല താപനില കാരണം ഈ സിദ്ധാന്തം സംശയത്തിലായിരിക്കുകയാണ്. ഇതോടെ മറ്റ് സാധ്യതകൾ പരിശോധിക്കുകയാണ് ഗവേഷകർ.
നിഗൂഢതയ്ക്ക് ഉത്തരം കണ്ടെത്താൻ ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ ഹയാബുസ2 പേടകത്തെ 1998 KY26 ലക്ഷ്യമാക്കി തിരിച്ചുവിട്ടിട്ടുണ്ട്. 2031 ജൂലൈയിൽ ഛിന്നഗ്രഹത്തിനടുത്തെത്തുന്ന പേടകം ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കുമെന്നാണ് പ്രതീക്ഷ.
