‘പഴയ ശീലങ്ങൾ പെട്ടെന്ന് മാറില്ല, ബിൽ ക്ലിന്റൺ സ്ത്രീകളെ ശ്രദ്ധിക്കുന്നത് കണ്ടു; ആത്മകഥയിൽ മനസുതുറന്ന് സോണിയ ഗാന്ധി

കുടുംബജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങളും രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചകളും വ്യക്തിപരമായ ദുരന്തങ്ങളും തുറന്നുപറഞ്ഞ് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. പുതിയ ആത്മകഥയായ ‘ബിലോങ്ങിംഗ്: എ ജേർണി ഓഫ് ലവ്’ എന്ന പുസ്തകത്തിലാണ് കുടുംബബന്ധങ്ങളിലെ വിള്ളലുകളും ജീവിതത്തിലെ വേദനാജനകമായ ഓർമകളും അവർ പങ്കുവെച്ചത്.

സഹോദരഭാര്യയും നിലവിൽ ബിജെപി നേതാവുമായ മേനക ഗാന്ധിയുമായുള്ള ബന്ധം എങ്ങനെയാണ് വഷളായതെന്ന് സോണിയ വിശദീകരിക്കുന്നുണ്ട്. 1973ൽ സഞ്ജയ് ഗാന്ധിയാണ് മേനകയെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. തുടക്കത്തിൽ കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ കൊണ്ടുവന്ന മേനകയുമായി പിന്നീട് അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയായിരുന്നു. വീട്ടുജോലിക്കാർ സോണിയയെ ‘ബഹുറാണി’ എന്നും മേനകയെ ‘ഛോട്ടി ബഹു’ എന്നും വിളിച്ചിരുന്നത് മേനകയ്ക്ക് അപമാനമായി തോന്നിയിരുന്നുവെന്നും പുസ്തകത്തിൽ പറയുന്നു.

സഞ്ജയ് ഗാന്ധിയും മേനകയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ക്രമേണ രൂക്ഷമായി. 1980ൽ സഞ്ജയ് വിമാനാപകടത്തിൽ മരിച്ചതോടെ കുടുംബത്തിലെ അസ്വാരസ്യങ്ങൾ കൂടുതൽ ശക്തമായി. രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ മേനക തിടുക്കം കാണിക്കരുതെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ നിലപാടെന്നും സോണിയ ഓർമിക്കുന്നു. പിന്നീട് ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മേനക വീട് വിട്ടുപോയതായും പുസ്തകത്തിൽ പരാമർശിക്കുന്നു.

ദാമ്പത്യജീവിതത്തിലെ ഏറ്റവും വേദനാജനകമായ അനുഭവവും സോണിയ പങ്കുവെക്കുന്നുണ്ട്. രാഹുൽ ഗാന്ധി ജനിക്കുന്നതിന് ഒരു വർഷം മുമ്പ്, 1969 ജനുവരി 18ന് തങ്ങളുടെ ആദ്യത്തെ കുഞ്ഞായ ആൺകുട്ടി അകാലത്തിൽ ജനിച്ചുവെന്നും മണിക്കൂറുകൾക്കുള്ളിൽ മരിച്ചുവെന്നും അവർ വെളിപ്പെടുത്തി. കുഞ്ഞിന്റെ വിയോഗം തനിക്കും രാജീവ് ഗാന്ധിക്കും വലിയ ആഘാതമായിരുന്നു. വിവരമറിഞ്ഞ ഇന്ദിരാഗാന്ധി ഔദ്യോഗിക യാത്രകൾ റദ്ദാക്കി ആശുപത്രിയിലെത്തി ഇരുവരെയും ആശ്വസിപ്പിച്ചുവെന്നും സോണിയ ഓർമിച്ചു.

പാരമ്പര്യത്തിന്റെ ഭാഗമായി കുഞ്ഞിന്റെ മൃതദേഹം നദിയിൽ ഒഴുക്കിവിടാൻ തയ്യാറാകാതിരുന്ന കുടുംബം, തെക്കൻ ഡൽഹിയിലെ മെഹ്‌റൗളിയിലുള്ള ഫിറോസ് ഗാന്ധി ഫാമിലെ ബൊഗൈൻവില്ല മരച്ചുവട്ടിലാണ് സംസ്കരിച്ചത്. പിന്നീട് അവിടെ പോകുമ്പോഴെല്ലാം മരത്തിൽ പൂക്കൾ അർപ്പിച്ച് ആദരാഞ്ജലി അർപ്പിക്കാറുണ്ടായിരുന്നുവെന്നും അവർ കുറിച്ചു.

2000ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ഇന്ത്യാ സന്ദർശനവും സോണിയ പുസ്തകത്തിൽ ഓർമിക്കുന്നുണ്ട്. പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നിനിടെ ക്ലിന്റൺ സ്ത്രീകളെ ശ്രദ്ധിച്ചിരുന്നതായും ‘പഴയ ശീലങ്ങൾ പെട്ടെന്ന് മാറില്ല’ എന്ന നിരീക്ഷണം നടത്തിയതായും അവർ എഴുതുന്നു. കശ്മീർ പ്രശ്നത്തെ അപകടകരമായ ആണവ സംഘർഷസാധ്യതയുള്ള മേഖലയായാണ് ക്ലിന്റൺ വിശേഷിപ്പിച്ചതെന്നും പുസ്തകത്തിൽ പറയുന്നു.

മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർക്കോസിയുമായുള്ള കൂടിക്കാഴ്ചകളും ബ്രിട്ടീഷ് രാജകുമാരി ഡയാനയുമായുള്ള പരിചയവും സോണിയ ഓർത്തെടുക്കുന്നുണ്ട്. രാഷ്ട്രീയ ജീവിതത്തിനപ്പുറം കുടുംബബന്ധങ്ങളും വ്യക്തിപരമായ നഷ്ടങ്ങളും ഉൾക്കൊള്ളുന്ന ഓർമക്കുറിപ്പുകളാണ് ആത്മകഥയുടെ പ്രധാന സവിശേഷത.

മറുപടി രേഖപ്പെടുത്തുക