രാജ്യത്തെ നക്സൽ വിമുക്തമാക്കി, അടുത്ത ലക്ഷ്യം ലഹരിമുക്ത ഇന്ത്യ : അമിത് ഷാ

2028 ഡിസംബർ 31നകം ഗുജറാത്തിനെ പൂർണമായും ലഹരിമുക്ത സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യവ്യാപകമായി 2029 ഡിസംബർ 31നകം ലഹരിമുക്ത ഇന്ത്യയെന്ന ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിൽ ഈ ലക്ഷ്യം ഒരു വർഷം നേരത്തേ കൈവരിക്കണമെന്ന് അദ്ദേഹം നിർദേശിച്ചതായും അമിത് ഷാ വ്യക്തമാക്കി.

തിങ്കളാഴ്ച അഹമ്മദാബാദിൽ നടന്ന പരിപാടിയിൽ ഏകദേശം 1,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നക്സൽവാദത്തിൽ നിന്ന് രാജ്യത്തെ മോചിപ്പിച്ചതിന് പിന്നാലെ ലഹരിമുക്ത ഇന്ത്യ കെട്ടിപ്പടുക്കുകയാണ് അടുത്ത പ്രധാന ലക്ഷ്യമെന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് മയക്കുമരുന്ന് കടത്തും ഉപയോഗവും സംബന്ധിച്ച പരാതികൾ അറിയിക്കാൻ ഡിസംബർ ഒന്നുമുതൽ 1033 എന്ന ടോൾ ഫ്രീ നമ്പർ പ്രവർത്തനസജ്ജമാക്കും. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും പ്രത്യേക കൺട്രോൾ റൂം വഴി ഉടൻ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകി.

ലഹരിവിരുദ്ധ പോരാട്ടത്തിൽ പൊതുജനപങ്കാളിത്തം നിർണായകമാണെന്നും വിദ്യാർഥികളുടെ പെരുമാറ്റത്തിൽ അധ്യാപകർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലഹരിക്ക് അടിമകളായവരെ ചികിത്സിക്കുന്നതിനായി സംസ്ഥാനത്ത് ലഹരിവിമുക്ത കേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ടെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക