സമരപ്പന്തൽ പൊളിച്ചിട്ടും പിന്മാറാതെ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ; ഇന്ന് പ്രതിഷേധം ശക്തമാക്കും

സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾ. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് (നവംബർ 12) സമരം കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയ എസ്. വളർമതിക്ക് പകരം കാസർഗോഡ് സ്വദേശി എം. ജയകൃഷ്ണൻ നിരാഹാരസമരം ഏറ്റെടുത്തു. നവംബർ 11ന് രാത്രിയോടെയാണ് പൊലീസ് സമരപ്പന്തൽ പൊളിച്ചുനീക്കിയത്.

നടപടിക്കെതിരെ പ്രതിപക്ഷ യുവജന സംഘടനകൾ രംഗത്തെത്തി. ഡിവൈഎഫ്ഐ പ്രവർത്തകർ ഉദ്യോഗാർത്ഥികൾക്കായി താൽക്കാലിക പന്തൽ നിർമിച്ചുനൽകി. പൊലീസ് ആദ്യം ഇത് തടയാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിന്മാറി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ചയും രംഗത്തെത്തുകയും റിലേ നിരാഹാരസമരം പ്രഖ്യാപിക്കുകയും ചെയ്തു. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എസ്. സുജാത ഉൾപ്പെടെയുള്ള നേതാക്കളും സമരവേദി സന്ദർശിച്ചു.

ജനാധിപത്യപരമായ സമരങ്ങളോടുള്ള സർക്കാരിന്റെ അസഹിഷ്ണുതയാണ് പൊലീസ് നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിമർശിച്ചു. എന്നാൽ സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യാൻ അനുമതിയില്ലെന്ന നിയമവശം ചൂണ്ടിക്കാട്ടി രണ്ടുതവണ നോട്ടീസ് നൽകിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

മറുപടി രേഖപ്പെടുത്തുക