ഡൽഹിയിലെ വായുമലിനീകരണം അതീവ ഗുരുതരാവസ്ഥയിൽ. പാകിസ്ഥാനിലെ ലാഹോറിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഡൽഹി മാറിയെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. നഗരത്തെ മൂടിയ കട്ടിയുള്ള പുകമഞ്ഞ് വായുനിലവാരം കുത്തനെ മോശമാക്കിയതോടെ ജനജീവിതവും പ്രതിസന്ധിയിലായി. ശ്വാസതടസ്സം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആശങ്ക ഉയരുന്നുണ്ട്.
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ വായുനിലവാര നിരീക്ഷണ ഏജൻസിയായ ഐക്യുഎയറിന്റെ കണക്കുപ്രകാരം ഡൽഹിയിലെ വായുഗുണനിലവാര സൂചിക (എക്യുഐ) 334 ആയി. ഇത് വളരെ മോശം വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കിൽ എക്യുഐ 403 ആണ്. സിപിസിബി ഇതിനെ ‘ഗുരുതര’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരു ഏജൻസികളും വ്യത്യസ്ത അളവുകോലുകളും കണക്കുകൂട്ടൽ രീതികളും പിന്തുടരുന്നതിനാലാണ് കണക്കുകളിൽ വ്യത്യാസം വരുന്നത്.
പുകമഞ്ഞ് നഗരത്തിലെ കാഴ്ചപരിധിയെയും ബാധിച്ചിട്ടുണ്ട്. രാവിലെയും വൈകുന്നേരവും റോഡുകളിൽ വാഹനങ്ങൾ സഞ്ചരിക്കാൻ പ്രയാസം നേരിടുന്നുണ്ട്. തെരുവുവിളക്കുകൾ പോലും പുകമഞ്ഞിൽ മറയുന്ന സാഹചര്യമാണുള്ളത്. മലിനീകരണം കുറയ്ക്കുന്നതിനായി പ്രധാന മേഖലകളിൽ മിസ്റ്റ് സ്പ്രേയിങ് സംവിധാനങ്ങൾ വിന്യസിച്ച് അധികൃതർ വെള്ളം തളിക്കുന്നുണ്ട്.
ശൈത്യകാലത്തിന്റെ തുടക്കത്തിൽ ഉത്തരേന്ത്യയിലും പാകിസ്ഥാനിലും വായുമലിനീകരണം രൂക്ഷമാകുന്നത് പതിവാണ്. തണുത്ത കാറ്റും അന്തരീക്ഷത്തിലെ പ്രതികൂല സാഹചര്യങ്ങളും മലിനവായുവിനെ ഭൂമിക്ക് സമീപം തങ്ങിനിൽക്കാൻ ഇടയാക്കുന്നു. വാഹനങ്ങളിൽനിന്നുള്ള പുക, നിർമാണ പ്രവർത്തനങ്ങളിൽ നിന്നുള്ള പൊടി, കൃഷിയിടങ്ങളിൽ വിളകളുടെ അവശിഷ്ടങ്ങൾ കത്തിക്കുന്നതിൽ നിന്നുള്ള പുക എന്നിവയും മലിനീകരണം വർധിപ്പിക്കുന്നു. ഇതോടെ ഡൽഹിയിലെ വായു ആരോഗ്യത്തിന് ഗുരുതര ഭീഷണിയായി മാറിയിരിക്കുകയാണ്.
