എസ്ബിഐ ഉപഭോക്താക്കൾ ശ്രദ്ധിക്കുക. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികളുടെ ഭാഗമായി നവംബർ 19ന് പുലർച്ചെ 45 മിനിറ്റോളം ബാങ്കിന്റെ യുപിഐ സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെടും. പുലർച്ചെ 1.15 മുതൽ 2 മണി വരെയാണ് സേവനങ്ങൾ ലഭ്യമാകാത്തതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
ഈ സമയത്ത് എസ്ബിഐ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിട്ടുള്ള സാധാരണ യുപിഐ ഇടപാടുകൾ നടത്താനാകില്ല. ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ മൂന്നാം കക്ഷി ആപ്പുകൾ വഴി എസ്ബിഐ അക്കൗണ്ടുകളിൽ നിന്ന് പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും തടസ്സമുണ്ടാകും.
അതേസമയം, യുപിഐ ലൈറ്റ് സേവനങ്ങൾ പതിവുപോലെ പ്രവർത്തിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി. ചെറിയ തുകകളുടെ പേയ്മെന്റുകൾക്കും അടിയന്തര ഇടപാടുകൾക്കുമായി ഉപഭോക്താക്കൾ യുപിഐ ലൈറ്റ് മുൻകൂട്ടി സജീവമാക്കി ആവശ്യമായ തുക ലോഡ് ചെയ്യണമെന്നും ബാങ്ക് നിർദേശിച്ചു.
അറ്റകുറ്റപ്പണികൾ നിശ്ചയിച്ച സമയത്തിന് മുമ്പ് പൂർത്തിയായാൽ യുപിഐ സേവനങ്ങൾ നേരത്തേ പുനഃസ്ഥാപിക്കും. ഈ സമയത്ത് ഓൺലൈൻ പേയ്മെന്റുകൾ നടത്തേണ്ടവർ മുൻകൂട്ടി ക്രമീകരണങ്ങൾ നടത്തണമെന്നും ബദൽ പേയ്മെന്റ് സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും എസ്ബിഐ അഭ്യർഥിച്ചു. ഉപഭോക്താക്കൾക്കുണ്ടാകുന്ന അസൗകര്യത്തിൽ ബാങ്ക് ഖേദം പ്രകടിപ്പിച്ചു.
