ഷുക്കൂർ വധക്കേസ്: മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടം തുടരും; അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

അരിയിൽ ഷുക്കൂർ വധക്കേസിൽ മുഴുവൻ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോടതി വിധിയുടെ പകർപ്പ് പരിശോധിച്ച ശേഷം ഷുക്കൂറിന്റെ കുടുംബവുമായി കൂടിയാലോചിച്ച് അപ്പീൽ നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. നേതാക്കളുടെ സാന്നിധ്യത്തിൽ വിചാരണ നടത്തി ശിക്ഷ നടപ്പാക്കിയ കൊലപാതകമാണിതെന്നും ഗൂഢാലോചനയിൽ പങ്കാളികളായവരും ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കേസിലെ 33 പ്രതികളിൽ 13 പേരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഇതിൽ ഏഴുപേർക്ക് കൊലക്കുറ്റം തെളിഞ്ഞതിനെ തുടർന്ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അഞ്ച് പ്രതികൾക്കെതിരെ അതിക്രമിച്ചുകയറൽ, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും ഒരാൾക്കെതിരെ തെളിവ് നശിപ്പിച്ച കുറ്റവുമാണ് തെളിഞ്ഞത്. ശേഷിക്കുന്ന 18 പേരെ കോടതി വെറുതെവിട്ടു.

പി. ജയരാജൻ, ടി.വി. രാജേഷ്, എം.വി. ഗോവിന്ദന്റെ മകൻ ശ്യാംജിത് എന്നിവരടക്കമുള്ളവർക്കെതിരെ ഗൂഢാലോചനാക്കുറ്റം തെളിയിക്കാനായില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, പത്താം പ്രതി എം.വി. ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.

അതേസമയം, 14-ാം പ്രതി ഇ.പി. രാധാകൃഷ്ണൻ, 16-ാം പ്രതി കെ.വി. സജിത്ത്, 25-ാം പ്രതി വി.വി. മോഹനൻ, 26-ാം പ്രതി പുരുഷോത്തമൻ, 27-ാം പ്രതി പി.കെ. അജിത് കുമാർ, 28-ാം പ്രതി പി.പി. സുരേശൻ എന്നിവർക്ക് ജാമ്യം അനുവദിച്ചു. ഷുക്കൂറിനെ കുത്തിയ രണ്ടാമത്തെ വ്യക്തിയായ പി. ഗണേശനെ വെറുതെവിട്ടതും പ്രോസിക്യൂഷന് തിരിച്ചടിയായി. 18 പ്രതികളെ വെറുതെവിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക