തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) കോൺഗ്രസുമായുള്ള സഖ്യബന്ധം പുനഃപരിശോധിക്കണമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ ഗവർണറുമായ തമിഴിസൈ സൗന്ദരരാജൻ. തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് വിജയ് സർക്കാരിന്റെ നിലപാടുകളെയും തീരുമാനങ്ങളെയും അവർ വിമർശിച്ചത്.
ഡൽഹിയിൽ സോണിയ ഗാന്ധിയുടെ പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുത്ത കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് കാവേരി ജലപ്രശ്നം ഉന്നയിക്കാതിരുന്നത് വിജയ്യുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് തമിഴിസൈ ആരോപിച്ചു. മേക്കേദാട്ടു അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട കർണാടകയുടെ നിലപാടിൽ പ്രതിഷേധിച്ച് വിജയ് ചടങ്ങ് ബഹിഷ്കരിക്കണമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. ചരിത്രപരമായ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ടിവികെ പുനർചിന്തിക്കണമെന്നും തമിഴിസൈ ആവശ്യപ്പെട്ടു.
തിരുപ്പരൻകുന്ദ്രം കുന്നിൽ കാർത്തിക ദീപം തെളിയിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിട്ടും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതിനെയും അവർ വിമർശിച്ചു. ഹിന്ദു വിരുദ്ധ മനോഭാവത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും തമിഴിസൈ ആരോപിച്ചു.
ആറുമാസത്തെ ടിവികെ സർക്കാരിന്റെ പ്രകടനം തൃപ്തികരമല്ലെന്നും അവർ പറഞ്ഞു. ഡിഎംകെയെയും ടിവികെയെയും രാഷ്ട്രീയമായി ബിജെപി എതിർക്കുന്നുവെന്നും വ്യക്തമാക്കി. വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണ നടപടിയായ എസ്ഐആർ ഉണ്ടായിരുന്നില്ലെങ്കിൽ വിജയ് മുഖ്യമന്ത്രിയാകുമായിരുന്നില്ലെന്നും തമിഴിസൈ സൗന്ദരരാജൻ അഭിപ്രായപ്പെട്ടു.
