ബംഗ്ലാദേശിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നാട്ടിലേക്കുള്ള മടക്കത്തിന് ഇന്ത്യ മൗനസമ്മതം നൽകിയതായി റിപ്പോർട്ട്. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് ഹസീന ആഗ്രഹിക്കുന്നതെന്നും എന്നാൽ മടക്കത്തിന് മുമ്പ് ധാക്കയിൽ നിന്ന് രണ്ട് പ്രധാന ഉറപ്പുകൾ ഇന്ത്യ തേടുന്നുണ്ടെന്നും ബിബിസി ബംഗ്ലാ റിപ്പോർട്ട് ചെയ്തു. അതേസമയം, റിപ്പോർട്ടിനോട് ഇന്ത്യയോ ബംഗ്ലാദേശ് സർക്കാരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഹസീനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബംഗ്ലാദേശിൽ സുതാര്യമായ വിചാരണയ്ക്കും അപ്പീൽ നടപടികൾക്കും അവസരം നൽകണമെന്നും ഇന്ത്യ ആവശ്യപ്പെടുന്നതായാണ് റിപ്പോർട്ടിലെ വിവരം. സൈന്യത്തിന്റെ മേൽനോട്ടത്തിലുള്ള സുരക്ഷിതമായ മടക്കമാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു നിർദേശമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല. കൈമാറൽ നിയമപരമായ നടപടിയാണെന്ന് മാത്രമാണ് അദ്ദേഹം വ്യക്തമാക്കിയത്.
2024 ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട ഹസീന ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. ഇതിനിടെ നവംബർ 9ന് പുതിയ പാസ്പോർട്ടിനും യാത്രാരേഖകൾക്കുമായി ബംഗ്ലാദേശ് സർക്കാരിനെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഹസീനയുടെ മടക്കവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലെ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമായിട്ടുണ്ട്.
എന്നാൽ ഡിസംബറിൽ തന്നെ ഹസീനയ്ക്ക് മടങ്ങാനാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ ചർച്ചകൾ തുടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
